Breaking NewsKeralaLead NewsNEWSNewsthen Special

സംഘപരിവാറിന്റെ ബലം കേന്ദ്രത്തിലെ ബിജെപി; ‘ബി കെയര്‍ ഫുള്‍’ എന്നു സുരേഷ് ഗോപി അക്രമികളോടു പറയണം; നിങ്ങളുടെ കാല്‍ച്ചുവട്ടില്‍ ചിതറുന്നത് മതേതര ഇന്ത്യ; സിപിഎമ്മിനും കോണ്‍ഗ്രസിനും പിന്നാലെ മോദി സര്‍ക്കാരിനെ കുടഞ്ഞ് സഭയുടെ മുഖപത്രം

കൊച്ചി: ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതില്‍ ബിജെപിയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭ മുഖപത്രം ദീപിക.ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അധികാരത്തിലുള്ള ബിജെപിയാണ് സംഘപരിവാറിന്റെ ബലം. സുരേഷ്‌ഗോപി മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ ജബല്‍പൂരിലും പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജബല്‍പുര്‍ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെതന്നെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് ജോര്‍ജും പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കണ്‍മുന്നില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായി.

Signature-ad

തങ്ങളുടെ മനമറിഞ്ഞു മാത്രം പ്രവര്‍ത്തിക്കുന്നത്ര താഴേക്കിടയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെല്ലാം പൊലീസിനെ നിര്‍ത്തിയിരിക്കുന്നത്. ജബല്‍പുരിലെ പൊലീസിനും അതില്‍നിന്നു മുക്തിയില്ല. 2017ല്‍ മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസിനു കരോള്‍ഗാനമാലപിച്ചവരെയും വൈദികരെയും സംഘപരിവാര്‍ ആക്രമിച്ചപ്പോഴും പോലീസ് കാഴ്ചക്കാരായിരുന്നു. കസ്റ്റഡിയിലെടുത്ത വൈദികവിദ്യാര്‍ഥികളെയും വൈദികരെയും സംഘപരിവാരങ്ങള്‍ പൊലീസ് സ്റ്റേഷനുള്ളില്‍വച്ച് ആക്രമിക്കുകയും പുറത്ത് അവരുടെ വാഹനം കത്തിക്കുകയും ചെയ്തു.

ജബല്‍പൂരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇന്നലെ സുരേഷ് ഗോപി എംപിക്കു സംയമനം നഷ്ടപ്പെടുന്നതു കണ്ടു. അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയ ”ബി കെയര്‍ഫുള്‍” എന്ന മുന്നറിയിപ്പ്, ക്രൈസ്തവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നവര്‍ക്കു കൊടുത്തിരുന്നെങ്കില്‍! അന്തര്‍ദേശീയ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ തുടര്‍ച്ചയായി പ്രതിസ്ഥാനത്തു നിര്‍ത്തുന്‌പോള്‍ അതിനെ വിദേശരാജ്യങ്ങളുടെ അജണ്ടയാണെന്ന് പറയുന്നതിനു പകരം, തിരുത്തലാണു വേണ്ടത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടിനോടും കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രതികരണം ആ വിധത്തിലായിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ജബല്‍പുരിനെക്കുറിച്ചു പറയുമ്പോഴും സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് മുഖപത്രത്തില്‍ പറയുന്നു.

ദീപികയുടെ മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം

ജബല്‍പൂരിലും അപമാനം

 

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരുടെ സംരക്ഷണകേന്ദ്രമല്ല തങ്ങളെന്ന സന്ദേശം കൊടുക്കാന്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയാറായാല്‍ അന്നു തീരും, ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍.

ന്യൂനപക്ഷ വിദ്വേഷവും ഹിംസയുംകൊണ്ടുമാത്രം നിലനില്‍ക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും പോലീസിനു മുന്നിലിട്ടു മര്‍ദിച്ച സംഘപരിവാറിന്റെ ബലം, സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ളത് ബിജെപിയാണെന്ന ധൈര്യമാണ്.

അത്തരമൊരു സംരക്ഷണകേന്ദ്രമല്ല തങ്ങളെന്ന സന്ദേശം കൊടുക്കാന്‍ ഈ ബിജെപി സര്‍ക്കാരുകള്‍ തയാറായാല്‍ അന്നു തീരും, ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍. അന്നു തീരും, കുറ്റവാളികളുടെ പക്ഷത്തേക്കു കൂറുമാറിയ പോലീസിന്റെ കുറ്റകരമായ നിഷ്‌ക്രിയത്വം. ജബല്‍പുരും അതു മാത്രമാണ് ഓര്‍മിപ്പിക്കുന്നത്.

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ ജബല്‍പുരിലും പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജബല്‍പുര്‍ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെതന്നെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് ജോര്‍ജും പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും പോലീസ് ഉദ്യോഗസ്ഥര്‍ക്കു കണ്‍മുന്നില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായി.

വിദ്യാഭ്യാസ വിചക്ഷണനും മധ്യപ്രദേശിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജബല്‍പുര്‍ സെന്റ് അലോഷ്യസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഡേവിസ് ജോര്‍ജ് ബിജെപിക്കാരുള്‍പ്പെടെ എത്രയോ മനുഷ്യരുടെ ഗുരുസ്ഥാനീയനാണ്. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിനുപോലും ഇതാണു സ്ഥിതിയെങ്കില്‍ സഹതപിക്കേണ്ടിയിരിക്കുന്നു. ഈ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ഒരു വിലയും കൊടുക്കാത്ത സാമൂഹികവിരുദ്ധര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ തലേക്കെട്ടും കെട്ടി മുഷ്ടി ചുരുട്ടി നില്‍ക്കുന്‌പോള്‍ ഇടപെടാത്ത ഭരണകൂടങ്ങള്‍ക്ക് എങ്ങനെയാണ് ദേശീയോദ്ഗ്രഥനത്തിന്റെ കൊടിയേന്താനാകുന്നത്

തങ്ങളുടെ മനമറിഞ്ഞു മാത്രം പ്രവര്‍ത്തിക്കുന്നത്ര താഴേക്കിടയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെല്ലാം പോലീസിനെ നിര്‍ത്തിയിരിക്കുന്നത്. ജബല്‍പുരിലെ പോലീസിനും അതില്‍നിന്നു മുക്തിയില്ല. 2017ല്‍ മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസിനു കരോള്‍ഗാനമാലപിച്ചവരെയും വൈദികരെയും സംഘപരിവാര്‍ ആക്രമിച്ചപ്പോഴും പോലീസ് കാഴ്ചക്കാരായിരുന്നു. കസ്റ്റഡിയിലെടുത്ത വൈദികവിദ്യാര്‍ഥികളെയും വൈദികരെയും സംഘപരിവാരങ്ങള്‍ പോലീസ് സ്റ്റേഷനുള്ളില്‍വച്ച് ആക്രമിക്കുകയും പുറത്ത് അവരുടെ വാഹനം കത്തിക്കുകയും ചെയ്തു.

വര്‍ഗീയ ആള്‍ക്കൂട്ട ആക്രമണത്തിനു കാരണം പതിവുപോലെ മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണമായിരുന്നു. പിന്നീട് എത്രയോ അക്രമങ്ങളാണ് രാജ്യത്ത് നിര്‍ഭയം അരങ്ങേറിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ യുസിഎഫ് (യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം) പുറത്തുവിട്ട കണക്കനുസരിച്ച്, 834 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ നടത്തിയത്. 2023ല്‍ ഇത് 734 ആയിരുന്നു. ഏറ്റവുമധികം ആക്രമണങ്ങള്‍ ഉത്തര്‍പ്രദേശിലാണ്.

ജബല്‍പുരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇന്നലെ സുരേഷ് ഗോപി എംപിക്കു സംയമനം നഷ്ടപ്പെടുന്നതു കണ്ടു. അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയ ”ബി കെയര്‍ഫുള്‍” എന്ന മുന്നറിയിപ്പ്, ക്രൈസ്തവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നവര്‍ക്കു കൊടുത്തിരുന്നെങ്കില്‍! അന്തര്‍ദേശീയ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ തുടര്‍ച്ചയായി പ്രതിസ്ഥാനത്തു നിര്‍ത്തുന്‌പോള്‍ അതിനെ വിദേശരാജ്യങ്ങളുടെ അജന്‍ഡയാണെന്ന് പറയുന്നതിനു പകരം, തിരുത്തലാണു വേണ്ടത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടിനോടും കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രതികരണം ആ വിധത്തിലായിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ജബല്‍പുരിനെക്കുറിച്ചു പറയുന്‌പോഴും സര്‍ക്കാര്‍ ഒളിച്ചോടുകയാണ്.

വിമര്‍ശനങ്ങളുടെയും മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടുകളുടെയും കണ്ണാടി തല്ലിപ്പൊട്ടിക്കുന്നവര്‍ കാല്‍ച്ചുവട്ടില്‍ ചിതറിക്കിടക്കുന്ന ചില്ലുകളിലെ മതേതര ഇന്ത്യയെ കാണാന്‍ വൈകുകയാണല്ലോ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: