വീണ വിജയന് എതിരായ എസ്എഫ്‌ഐഒ കേസ് കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കില്ല; ഒളിച്ചുവച്ചെന്നു പറയുന്ന 73.38 കോടി ആരുടെയൊക്കെ പോക്കറ്റിലെത്തി? അന്വേഷണം വന്നാല്‍ ആരൊക്കെ കുടുങ്ങും? കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് ഇടതുപക്ഷം

തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു സേവനം നല്‍കിയില്ലെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വന്‍ വിവാദം. കമ്പനികള്‍ക്കുള്ളിലെ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിന് നിയമപരമായി കൈമാറിയ തുകയുടെ പേരില്‍ എന്തു നടപടികളാണ് എടുക്കാന്‍ കഴിയുകയെന്നതില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച സജീവമാണ്.
ഒരു സ്വകാര്യ കമ്പനിയും മറ്റൊരു സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ പണമിടപാടില്‍ കുറ്റകൃത്യമുണ്ടെന്നാണു എസ്എഫ്‌ഐഒയുടെ കേസിന്റെ ചുരുക്കം. രാഷ്ട്രീയക്കാര്‍ക്കടക്കം 73.38 കോടിയുടെ ഇടപാടുകള്‍ സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നു പറയുമ്പോഴും മറ്റാരെയും പ്രതിയാക്കിയിട്ടില്ല എന്നതും കൗതുകകരമാണ്. കേസിന്റെ നാള്‍വഴികള്‍ ചൂണ്ടിക്കാട്ടിയാണ് ഇടതു ഹാന്‍ഡിലുകള്‍ സര്‍ക്കാരിനെയും വീണയെയും പ്രതിരോധിക്കുന്നത്.

എക്‌സാ ലോജിക്കിന് സിഎംആര്‍എല്‍ നല്‍കിയ 1.7 കോടിയുടെ ചുവടുപിടിച്ചാണ് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് അന്വേഷണത്തിന് ഹര്‍ജി നല്‍കിയത്. വീണയ്ക്കു പണം കൈമാറിയതിലൂടെ സര്‍ക്കാര്‍ സിഎംആര്‍എല്ലിന് എന്തെങ്കിലും സൗജന്യം ചെയ്തു കൊടുത്തോ, കൈക്കൂലി കേസാണോ എന്നതാണു കോടതി പരിശോധിച്ചത്. വീണ വിജയനെയോ പിണറായി വിജയനെയോ സര്‍ക്കാരിനെയോ കൈക്കൂലിയുമായി ബന്ധിപ്പിക്കുന്ന തെളവില്ലെന്നും അതുകൊണ്ടു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി.
ഇതനുസരിച്ച് കോടതി കണ്ടെത്തിയത്
1. കേരള സര്‍ക്കാരില്‍നിന്ന് സിഎംആര്‍എല്ലിന് ഒരുരൂപയുടെ പോലും നേട്ടമുണ്ടായെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ല. അതിനുള്ള രേഖകളില്ല.
2. പിണറായി വിജയനോ, കേരള സര്‍ക്കാരിനോ സിപിഎമ്മിനോ കേസുമായി ബന്ധമില്ല.
വീണയുടെ എക്‌സാലോജിക്ക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ ഇടപാടിന്റെ പേരിലാണ് എസ്എഫ്‌ഐഒ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസിന്റെ തുടക്കം ഇങ്ങനെ:
ഇന്‍കം ടാക്‌സ് വെട്ടിക്കുന്നതിനു സ്വകാര്യ സ്ഥാപനമായ സിഎംആര്‍എല്‍ കണക്കുകള്‍ പെരുപ്പിച്ചുകാട്ടിയെന്ന കേസ് ഉണ്ടാകുന്നു. 135.4 കോടി രൂപയ്ക്കു നികുതി നല്‍കേണ്ട തുക കുറച്ചുകാട്ടിയെന്നായിരുന്നു കേസ്. തുടക്കത്തില്‍ ഇന്‍കം ടാക്‌സ് അതോറിട്ടിയും സിഎംആര്‍എല്‍ കമ്പനിയുമായിരുന്നു കക്ഷികള്‍. 135.4 കോടിയില്‍ 134.27 കോടിയും പെരുപ്പിച്ചു കാട്ടിയ ചെലവാണെന്ന് സിഎംആര്‍എല്‍ ഏറ്റു പറഞ്ഞു. എക്‌സാലോജിക്കിന് കൊടുത്ത 1.72 കോടി രൂപ പെരുപ്പിച്ചു കാട്ടിയ ചെലവല്ല, മറിച്ച് കരാര്‍ പ്രകാരം നല്‍കിയ സേവനത്തിനുള്ള പ്രതിഫലമാണെന്നു വ്യക്തമാക്കുന്നു. ആദായനികുതി നല്‍കി ബാങ്ക് വഴി നല്‍കിയ പണമാണിതെന്നും പറയുന്നു. ഇതൊരു വാണിജ്യ കരാര്‍ ആയതിനാല്‍ കക്ഷികളായ രണ്ടു കമ്പനികള്‍ക്കല്ലാതെ മറ്റൊരാള്‍ക്കു സേവനം ലഭിച്ചോ ഇല്ലയോ എന്നു പറയാന്‍ കഴിയില്ല. സേവനം ലഭിച്ചില്ലെങ്കില്‍തന്നെ അതില്‍ പരാതി ഉയരാത്തിടത്തോളം കാലം മറ്റു ബഹളങ്ങള്‍ക്കു പ്രസക്തിയില്ല. അങ്ങനെയൊരു പരാതി സിഎംആര്‍എല്ലിനില്ല.
ഒളിച്ചുവച്ചെന്നു പറയുന്ന തുക 134.27 കോടി രൂപയാണല്ലോ? അതിന്‍ 73.38 കോടി രൂപ സിഎംആര്‍എല്ലിന്റെ ബിസിനസ് പ്രമോഷന്‍ ചെലവുകളാണ് എന്നും അത് നികുതി ബാധ്യതയില്‍യില്‍ നിന്നും ഒഴിവാക്കണം എന്നും കാണിച്ച് സിഎംആര്‍എല്‍ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിനെ സമീപിച്ചു. ഇന്‍കം ടാക്‌സ് നിയമത്തിനു കീഴിലെ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമാണ് ബോര്‍ഡ്. ബിസിനസ് പ്രമോഷനു ചെലവായതായി പറഞ്ഞ 73.38 കോടിയുടെ 30 ശതമാനം മാത്രം നികുതി വിധേയമാക്കി കേസ് കോമ്പൗണ്ട് ചെയ്തു. വാസ്തവത്തില്‍ കേസ് അവിടെ കഴിഞ്ഞു.
ബിസിനസ് പ്രോമോഷനു ചെലവായെന്നു പറയുന്ന, സംശയാസ്പദമായ തുകയില്‍ വീണയ്ക്കു നല്‍കിയ 1.72 കോടി ഉള്‍പ്പെടില്ല. സിഎംആര്‍എല്ലില്‍നിന്ന് പണം വാങ്ങിയെന്നു സമ്മതിച്ച രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അബ്രഹാം കുഞ്ഞിനും അടക്കം നല്‍കിയ പണമാകാം ഇത്. ഇവര്‍ പണം കൈപ്പറ്റിയെന്നു പരസ്യമായി സമ്മതിച്ചിട്ടുമുണ്ട്. ഇത് ഒളിച്ചുവച്ചെന്നു പറയുന്ന തുകയില്‍ പെടുന്നതാണ്. മാധ്യമങ്ങള്‍ക്കു നല്‍കിയ 16.43 കോടി രൂപയും ഒളിച്ചുവച്ച തുകയില്‍ വരുന്നതാണ്. അതാരു മേടിച്ചു എന്നത് ഇതുവരെ ചര്‍ച്ചയായിട്ടില്ല.
ഇനി, ഒരു കമ്പനി തട്ടിപ്പു കാട്ടുന്നത് എന്തിനൊക്കെയാകാം? അതിലൊന്നു നികുതി വെട്ടിക്കലാണ്. 30 ശതമാനം നികുതി അടച്ച് ഈ കേസ് തീര്‍പ്പാക്കിയതാണ്. പിന്നീടുള്ളത്, ലാഭം കുറച്ചുകാട്ടി സിഎംആര്‍എല്ലിന്റെ ഓഹരി പങ്കാളികള്‍ക്കു നഷ്ടം വരുത്തി എന്നതാണ്. അങ്ങനെയൊരു കേസ് നിലവില്‍ ഇല്ല. അഥവാ ഉണ്ടെങ്കില്‍തന്നെ അതില്‍ എക്‌സാ ലോജിക്കിന്റെ സി.ഇ.ഒ. വീണാ വിജയന്‍ എങ്ങനെ പ്രതിയാകുമെന്ന ചോദ്യവും ഉയരുന്നു.
ഓഹിര പങ്കാളികള്‍ (ഡയറക്ടര്‍മാര്‍)ക്കു നഷ്ടമുണ്ടായെന്ന് സിഎംആര്‍എല്‍ പറഞ്ഞിട്ടില്ല. കമ്പനി ലാഭത്തിലാണ്. സ്വന്തം കമ്പനി ഉപയോഗിച്ചു വീണ വിജയന്‍ മാത്രം നേട്ടമുണ്ടാക്കിയെന്ന പരാതി എക്‌സാലോജിക്കിന്റെ ഡയറക്ടര്‍മാര്‍ക്കുമില്ല. ആര്‍ക്കും പരാതിയുമില്ലാത്തപ്പോള്‍ പിന്നെ എങ്ങനെ എസ്എഫ്‌ഐഒ അന്വേഷിക്കും എന്നതാണ് ചോദ്യം. ഇവിടെയാണ് വെറും രാഷ്ട്രീയ ഗുണ്ടടി മാത്രമാണു കേസ് എന്ന വാദം ഇടതുപക്ഷം ഉന്നയിക്കുന്നത്. ഈ കേസ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അതില്‍ അന്തിമ വിധി പറഞ്ഞിട്ടുമില്ല. എസ്എഫ്‌ഐഒയുടെ അന്വേഷണം നിര്‍ത്തിവയ്ക്കണന്നെ സിഎംആര്‍എല്ലിന്റെ തടസ ഹര്‍ജി അംഗീകരിക്കാതിരുന്നതു മാത്രമാണു പിടിവള്ളി.
കമ്പനി കാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് എസ്എഫ്‌ഐഒ വരുന്നതെന്നതിനാല്‍ മാത്രമാണു പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതെന്നതും കോടതി വരാന്തയിലല്ല, മതില്‍ക്കെട്ടില്‍ പോലും നിലനില്‍ക്കാത്ത കേസാണെന്നും കോടതിയില്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പ് എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചോര്‍ത്തിയത് രാഷ്ട്രീയ നാടകത്തിന്റെ ഒരു രംഗം മാത്രമാണെന്നും ഇടതുപക്ഷം പറയുുന്നു.