തമിഴ് പുലികളുമായി ബന്ധമുള്ള ലൈക്ക പ്രൊഡക്ഷന്‍സുമായി സാമ്പത്തിക ഇടപാട്; ജിഹാദി ഗ്രൂപ്പുകളുമായി ലൈക്കയ്ക്കു ബന്ധം; എംപുരാന്റെ ഫണ്ടിംഗില്‍ സംശയം; ചെന്നൈയിലെ റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെതിരേ ആരോപണവുമായി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി: ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെ കടുത്ത ആരോപണവുമായി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍.
എമ്പുരാന്‍ മുന്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്നും അവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധം അന്വേഷിക്കുന്നതായും ഓര്‍ഗനൈസര്‍ പറയുന്നു. ഇഡിയുടെ അന്വേഷണം എംപുരാന്റെ ധനസഹായത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് വാരികയിലെ ആര്‍ട്ടിക്കിള്‍ പറയുന്നു.

‘ബ്രിട്ടീഷ് പൗരനും ശ്രീലങ്ക വംശജനുമായ സുബാസ്‌കരന്‍ അല്ലിരാജ 2014 ല്‍ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണ് എമ്പുരാനെ പിന്തുണച്ചത്. നിരോധിത ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയുമായും വിദേശത്തുള്ള ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷന്‍സിന് ബന്ധമുണ്ടെന്ന് ആരോപണങ്ങളുണ്ട്. ആ കമ്പനി എമ്പുരാനില്‍ നിന്ന് പിന്മാറുകയും ഗോകുലം ഗോപാലന്‍ പിന്നീട് അതിന്റെ നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തു. സിനിമയുടെ ഫണ്ടിങ്ങില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്’- ഓര്‍ഗനൈസര്‍ പറയുന്നു.
ലൈക്ക പ്രൊഡക്ഷന്‍സ്, സുബാസ്‌കരന്‍ അല്ലിരാജ എന്നിവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധങ്ങള്‍ സൂക്ഷ്മപരിശോധനയിലാണ്. ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീര്‍പ്പിന് ശേഷം ലൈക്ക പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഗോപാലന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടില്‍ നിന്നുള്ള രേഖകള്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്’- ആര്‍എസ്എസ് വാരികയില്‍ വ്യക്തമാക്കുന്നു.
‘ഗോകുലം ചിറ്റ് ഫണ്ടിനും ലൈക്ക പ്രൊഡക്ഷന്‍സിനും യഥാക്രമം 33………………1 ഇസഡ്1, 33………….1 ഇസഡ്.എന്‍. എന്നീ നമ്പരുകളില്‍ തമിഴ്നാട്ടില്‍ ജിഎസ്ടി രജിസ്‌ട്രേഷനുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍, പരിശോധനയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികാരികള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്’.
‘അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഒരു ചിട്ടി ഫണ്ട് സ്ഥാപനത്തിലും റെയ്ഡ് നടത്തി. ഇത് ഗോകുലം ഗോപാലന്റെ സാമ്പത്തിക ശൃംഖലയില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്’. ചിറ്റ് ഫണ്ട് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളുമായി ഇഡിയുടെ അന്വേഷണം ബന്ധപ്പെട്ടിരിക്കുന്നു എന്നു കരുതുന്നെന്നും ആര്‍എസ്എസ് വാരികയില്‍ പറയുന്നു.
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. ചിട്ടി ഇടപാടിന്റെ പേരില്‍ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലായിരുന്നു പരിശോധന. ‘എമ്പുരാന്‍’ സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്ന ആരോപണം ശക്തമാണ്.
എമ്പുരാന്‍ സിനിമയില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മിപ്പിക്കുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ രൂക്ഷ സൈബര്‍ ആക്രമണവും പ്രതിഷേധവും ആയി രംഗത്തെത്തുകയും പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടപ്പിക്കുകയും തുടര്‍ന്ന് 24 ഭാഗങ്ങള്‍ വെട്ടിമാറ്റി പുതിയ പതിപ്പ് ഇറക്കുകയും ചെയ്തിരുന്നു. റെയ്ഡിനെതിരെ കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇഡി റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്നും റെയ്ഡിലൂടെ ഭീഷണിപ്പെടുത്തുക എന്നതാണ് ബിജെപിയുടെ രീതിയെന്നും ഒരു ലേഖനം എഴുതാനോ സിനിമ എടുക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഗോകുലം ഓഫീസുകളിലെ റെയ്ഡ് കാരണം എമ്പുരാന്‍ സിനിമയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ഊണ് കഴിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യം വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.
ഇഡി റെയ്ഡില്‍ അത്ഭുതമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. എമ്പുരാന്‍ സിനിമയാണ് റെയ്ഡിന് കാരണം. ഇത് സാംസ്‌കാരിക ലോകം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഗോകുലം സ്ഥാപനങ്ങളിലെ റെയ്ഡില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരുന്നു. ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നുമാണ് ഇഡി വാദം.