‘അന്നത്തെ നിഷ്പക്ഷ, ഇന്നത്തെ ബിജെപി; പൊക്കിക്കൊണ്ടു നടന്ന ഷാഫി പറമ്പില്‍ എവിടെ?’ എം. സീന ബിജെപി മണ്ഡലം സെക്രട്ടറി ആയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷ പരിഹാസവുമായി ഇടതുപക്ഷം; മാധ്യമങ്ങള്‍ക്കും ഒളിയമ്പ്

തലശേരി: ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ച് സീന മനിയത്ത് ബിജെപി നേതാവായി ചുമതലയേറ്റതിനു പിന്നാലെ സൈബര്‍ ഇടങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി ഇടതു ഹാന്‍ഡിലുകള്‍. ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റ വിവരം സീന തന്നെയാണു ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അന്നു സീനയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പറമ്പില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിഷയം സജീവമായി ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ ബോംബ് എടുത്തുകൊണ്ടുപോകുന്നതു കണ്ടെന്നു ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ പറഞ്ഞത് വന്‍ വാര്‍ത്തയുമായി. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും നിഷ്പക്ഷയാണെന്നും ഇവര്‍ അന്നു വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ നിഷ്പക്ഷരെന്ന ലേബലില്‍ മാധ്യമങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ ഉദാഹരമാണിതെന്നും ഷാഫി പറമ്പിലിനും പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവര്‍ ബിജെപി അനുഭാവിയാണെന്ന് അറിയാമായിരുന്നിട്ടും മറച്ചുവച്ചെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭൂമിയില്‍ എങ്ങനെ ബോംബുവന്നതെന്ന് അന്ന് അന്വേഷിക്കാന്‍ മെനക്കെട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവരുടെ ഉടമസ്ഥയിലുള്ള വസ്തുവില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ ബിജെപി ആണെന്നും സീനയ്ക്ക് സംഘപരിവാര്‍ പ്രവര്‍ത്തന പശ്ചാത്തലമുണ്ടെന്നു സിപിഎം ചൂണ്ടിക്കാട്ടിയിരുന്നെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെ സീനയെ നിഷ്പക്ഷയും കോണ്‍ഗ്രസ് അനുഭാവിയുമാക്കുകയായിരുന്നു മാധ്യമങ്ങളെന്നും ഇടതുപക്ഷം ആരോപിക്കുന്നു. ബോംബ് കണ്ടെത്തിയതിനു പിന്നാലെ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കുശേഷം സീന ആദ്യം വിളിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. കോണ്‍ഗ്രസ് അനുഭാവിയെന്നാണു ചര്‍ച്ചകളില്‍ പോലും സീനയെ വിശേഷിപ്പിച്ചത്. ഇതിനെല്ലാം കാലം നല്‍കിയ മറുപടിയാണു സീനയുടെ ബിജെപി നേതൃപദവിയെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നു.
2024 ജൂണ്‍ 18-നാണ് എരഞ്ഞോളി കുടക്കളത്ത് ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ സ്ഫോടനമുണ്ടായത്. പറമ്പില്‍ തേങ്ങയെടുക്കാനെത്തിയ കുടക്കളം ആയിനാട്ട് മീത്തല്‍ പറമ്പില്‍ ആയിനിയാട്ട് വേലായുധനാണ് (85)ബോംബ് പൊട്ടി മരിച്ചത്. ബോംബ് സ്ഫോടനം വാര്‍ത്തയായതിന് പിന്നാലെ വേലായുധന്റെ അയല്‍വാസിയായ സീന അന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പ്രദേശം ബോംബ് നിര്‍മാണ ഹബ്ബാണെന്നും സിപിഎം പ്രവര്‍ത്തകര്‍ പറമ്പില്‍നിന്ന് ബോംബുകള്‍ എടുത്തുമാറ്റിയെന്നുമാണ് സീന അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പിന്നീട് വലിയ ചര്‍ച്ചയാവുകയുംചെയ്തു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പ്രാദേശിക നേതാക്കള്‍ തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സീന അന്ന് ആരോപിച്ചിരുന്നു. മകളെ പറഞ്ഞ് മനസ്സിലാക്കണമെന്നാണ് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി തന്റെ അമ്മയോട് പറഞ്ഞതെന്നും സീന പറഞ്ഞിരുന്നു. എന്നാല്‍, സീനയുടെ വെളിപ്പെടുത്തലുകളും ഇവര്‍ ഉന്നയിച്ച ആരോപണങ്ങളും സിപിഎം നിഷേധിച്ചിരുന്നു.