
തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ കാലാവധി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായതോടെ സര്‍ക്കാരില്‍ നിന്ന് ‘വിരമിച്ചത്’ 3,591 വാഹനങ്ങള്‍. കൂടുതലും പൊലീസ് വകുപ്പില്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒഴികെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനക്കണക്കാണിത്. പകരം വാഹനങ്ങള്‍ക്കായി വകുപ്പുകള്‍ സര്‍ക്കാരിനെ സമീപിച്ചുതുടങ്ങി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണെങ്കിലും ഖജനാവിലെ ‘പണക്കിലുക്കം’ അനുസരിച്ച് പുതിയ വാഹനങ്ങള്‍ക്കും വാടക വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്.
ബൈക്ക്, ജീപ്പ്, കാര്‍ എന്നിങ്ങനെ 916 വാഹനങ്ങളാണ് പൊലീസില്‍നിന്ന് ലാസ്റ്റ് സല്യൂട്ട് വാങ്ങിയത്. തൊട്ടുപിന്നില്‍ ആരോഗ്യവകുപ്പും (610), വനംവകുപ്പുമാണ് (146). 124 വകുപ്പുകളില്‍ 15 വര്‍ഷ കാലാവധി പൂര്‍ത്തിയായ വാഹനങ്ങളുടെ ആര്‍.സികള്‍ നിയമാനുസൃതം റദ്ദാക്കി.
കേന്ദ്ര മോട്ടോര്‍ വാഹനനിയമം 52 എ പ്രകാരം 15വര്‍ഷം പൂര്‍ത്തിയായാല്‍ ആര്‍.സി റദ്ദാക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കെല്ലാം ഇത് ബാധകം.

ഇളവു തേടി സംസ്ഥാനം
കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യണമെന്ന ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ഇളവ് തേടിയിട്ടുണ്ടെന്നാണ് വിവരം. പല വാഹനങ്ങളും ഉപയോഗക്ഷമമാണെന്നും കൂട്ടത്തോടെ പിന്‍വലിക്കുന്നത് സര്‍ക്കാരിന് കനത്ത ബാദ്ധ്യത വരുത്തുമെന്നും ചൂണ്ടിക്കാട്ടിയാണിത്. 2021ല്‍ പുതിയ പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വന്നശേഷം ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് രാജ്യത്ത് പൊളിച്ചത്. നയത്തില്‍ മാറ്റംവരുത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
കാലാവധി പൂര്‍ത്തിയായ സര്‍ക്കാര്‍ വാഹനങ്ങള്‍
(വകുപ്പ്, വാഹനം ക്രമത്തില്‍)
പൊലീസ്……………………………916
ആരോഗ്യവകുപ്പ്………………..610
വനംവകുപ്പ്……………………….146
കോര്‍പ്പറേഷന്‍………………….145
എം.വി.ഡി………………………….135
ഫയര്‍ഫോഴ്സ്………………….115
റവന്യു…………………………….. 100
ജയില്‍……………………………… 97
ജി.എസ്.ടി………………………… 86
ഇറിഗേഷന്‍………………………..70
വനിതാ-ശിശുക്ഷേമം……….. 69
ടൂറിസം………………………………58
എക്സൈസ്……………………..58
മൃഗസംരക്ഷണം………………..57
സിവില്‍ സ്പ്ലൈസ്……………56
വിജിലന്‍സ്……………………….48
അഗ്രി. യൂണിവേഴ്സിറ്റി……40