CrimeNEWS

ഓണ്‍ലൈനായി പശുവില്‍പന; കര്‍ഷകന്‍ കബളിപ്പിക്കപ്പെട്ടു, തട്ടിപ്പുകാര്‍ കവര്‍ന്നത് ഒരു ലക്ഷം രൂപ!

കണ്ണൂര്‍: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ചവടത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്ത സംഭവം മുന്‍പ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല. മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മുന്‍ പ്രവാസിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇത്തിരി തേങ്ങാ പിണ്ണാക്ക്,ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഇത്രയും കൊടുത്താല്‍ പാല് ശറപറാന്ന് ഒഴുകും. പരസ്യം വന്നത് രാജസ്ഥാനിലെ യൂട്യൂബറുടെ പേജില്‍. ഇത് കണ്ട മട്ടന്നൂര്‍ കുമ്മാനം സ്വദേശി റഫീഖ് 10 പശുക്കളെയും രണ്ട് എരുമകളെയും ഓര്‍ഡര്‍ ചെയ്തു. ആകെ 5,60,000 രൂപ. ഒരു ലക്ഷം അഡ്വാന്‍സ്. ബാക്കി തുക പശുക്കള്‍ വീട്ടിലെത്തുമ്പോള്‍ നേരിട്ട് നല്‍കണമെന്നായിരുന്നു കരാര്‍. വില്‍പ്പനക്കാരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അയാളുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പശു ഫാമിന്റെ ചിത്രങ്ങള്‍ എല്ലാം അയച്ചു നല്‍കി.

Signature-ad

കരാര്‍ പ്രകാരം റഫീഖ് 25,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിള്‍ പേ വഴിയും അയച്ചു നല്‍കി. പിന്നാലെ ഓര്‍ഡര്‍ ചെയ്ത പശുക്കളെ വാഹനത്തില്‍ കയറ്റുന്ന വീഡിയോ റഫീക്കിന്റെ ഫോണിലേക്ക് എത്തി. മൂന്നുദിവസത്തിനുള്ളില്‍ പശുക്കള്‍ വീട്ടുമുറ്റത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും പശുക്കളുടെ പൊടി പോലുമില്ല. പണം വാങ്ങിയ ആളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് റഫീഖ് മനസ്സിലാക്കിയത്.

ഫോണ്‍ നമ്പര്‍ മാറ്റിയെങ്കിലും മറ്റൊരു ഫോണ്‍ നമ്പറില്‍ യൂട്യൂബ് വഴിയുള്ള പശു കച്ചവട തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്. അഷ്‌റഫിന്റെ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: