മുരളിയുടെ തോല്‍വിയുടെ ആഘാതം ഒഴിയുന്നില്ല; തൃശൂരില്‍ പുതിയ പ്രസിഡന്റ് വന്നിട്ടും കുത്തഴിഞ്ഞ് സംഘടന; ഹൈക്കമാന്‍ഡ് നിര്‍ദേശം അവഗണിച്ച് ഹോട്ടലില്‍ ഗ്രൂപ്പ് യോഗം; വിമതര്‍ ഇരച്ചു കയറിയതോടെ കോര്‍ കമ്മിറ്റി യോഗം അലസി; കൂനിന്‍മേല്‍ കുരുവായി ക്ഷേത്രം ഓഫീസ് ജീവനക്കാരിയുടെ പീഡന പരാതിയും

തൃശൂര്‍: കെ. മുരളീധരന്റെ തോല്‍വിക്കു പിന്നാലെ അടിമുടി തരിപ്പണമായ തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയിലെ താളപ്പിഴകള്‍ക്ക് അന്ത്യയില്ല. നേതാക്കളുടെയെല്ലാം സമവായ പ്രസിഡന്റ് എന്ന നിലയില്‍ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുകൂടിയായ അഡ്വ. ജോസഫ് ടാജറ്റിനെ ചുമതലയേല്‍പ്പിച്ചെങ്കിലും വിവാദങ്ങള്‍ക്കു കുറവില്ല. ഏറ്റവുമൊടുവില്‍ ഇഫ്താര്‍ വിരുന്നിന്റെപേരില്‍ നഗത്തിലെ മുന്തിയ ഹോട്ടലില്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നതും കോണ്‍ഗ്രസ് നേതാവിനെതിരേ നഗരത്തിലെ ക്ഷേത്രത്തിലെ ഓഫീസ് ജീവനക്കാരി പീഡന പരാതി ഉന്നയിച്ചതും വരും ദിവസങ്ങളില്‍ തീപിടിക്കുന്ന വിഷയമാകുമെന്ന് ഉറപ്പാണ്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അറിവോടെയായിരുന്നു യോഗം ചേര്‍ന്നത്.
ഇതോടെ തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഇന്നലെ വിളിച്ച കോര്‍ കമ്മിറ്റി യോഗം മുന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മറുപക്ഷം അലങ്കോലമാക്കി. സംഘടനാ പ്രശ്‌നങ്ങള്‍ക്കപ്പുറം ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി വരും ദിവസങ്ങളില്‍ വന്‍ വിവാദമാകുമെന്നാണ് ഉറപ്പ്. ആദ്യഘട്ടത്തില്‍ നേതാക്കള്‍ ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടു പോകുമെന്നാണു ജീവനക്കാരിയുടെ നിലപാട്.
തൃശൂരിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ജില്ലാ ആസ്ഥാനത്തെ പ്രധാനിയുമായ നേതാവിനെതിരെയാണ് പരാതിയുയര്‍ന്നത്. ഒരു പരിപാടിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് ദേവസ്വം ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അപമര്യാദയായുള്ള പെരുമാറ്റമെന്നാണ് പറയുന്നത്. നേതാവ് നിലവിട്ട് പെരുമാറിയതോടെ നിയമനടപടികളിലേക്ക് കടക്കും മുമ്പ് മേലധികാരിയോട് പരാതിപ്പെടുകയായിരുന്നു.

പരാതി തണുപ്പിക്കാനായിട്ടായിരുന്നു മേലധികാരി കോണ്‍ഗ്രസ് നേതാവുമായി ബന്ധപ്പെട്ട് വിഷയം അറിയിച്ചത്. ആരോപിതനെ തല്‍ക്കാലം ശാസിച്ച് നിറുത്തിയെങ്കിലും പരാതിയില്‍നിന്ന് പിന്‍മാറുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നിയമനടപടികളിലേക്ക് കടക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നതും. അതേ സമയം പീഡനാരോ പണമുയര്‍ന്ന ഡിസിസി ജന റല്‍ സെക്രട്ടറിക്കെതിരെ സമാന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു.
ഡിസിസി ഓഫീസില്‍ തന്നെ ഇത്തരം ശ്രമമുണ്ടായത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സ്ത്രീയെ ഇവിടെ നിന്നും ഒഴിവാക്കുകയായിരുന്നു ചെയ്തത്
നിയമനങ്ങളുടെ പേരുപറഞ്ഞ് പണം വാങ്ങിയതടക്കം സാമ്പത്തിക ആരോപണങ്ങളും ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേയുണ്ട്. ഡല്‍ഹിയില്‍ ഡിസിസി പ്രസിഡന്റുമാരുടെ യോഗ തീരുമാനങ്ങളും തദ്ദേശ-നിയമസഭാ ഒരുക്കങ്ങളും, ബൂത്ത്, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതുമടക്കം ആലോചിക്കുന്നതുമായിരുന്നു കോര്‍ കമ്മിറ്റിയുടെ ആലോചന. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വകുപ്പുകളുടെ ചുമതല നിശ്ചയിച്ച് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു ആലോചനയെങ്കിലും എല്ലാം അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നു.
നിലവില്‍ ജില്ലയിലെ 46 മണ്ഡലം കമ്മിറ്റികള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ക്കായാണു ഗ്രൂപ്പ് യോഗം ചേര്‍ന്നതെന്നാണു വിവരം. ഇന്നലെ ചേരേണ്ടിയിരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിര്‍ദേശം വയ്ക്കാനും തീരുമാനിച്ചിരുന്നു. ആകെയുള്ള 111 മണ്ഡലം കമ്മിറ്റികളില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ പിന്തുണയ്ക്കുന്ന 38 കമ്മറ്റികള്‍ മരവിപ്പിച്ചതില്‍പെടും. ജോസഫ് ടാജറ്റിന്റെ ഡ്രൈവറായിരുന്ന സന്തോഷ് ഐത്താടനെ ദലിത് കോണ്‍ഗ്രസ് പ്രസിഡന്റാക്കി നിയമിച്ചതടക്കം മറു വിഭാഗത്തിനു കടുത്ത അമര്‍ഷമുണ്ട്. പുതുക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചയാള്‍കൂടിയാണു സന്തോഷ്.
ഹോട്ടലില്‍ നടന്ന ഗ്രൂപ്പ് യോഗത്തില്‍ കെപിസിസി ഭാരവാഹികളായി രാജേന്ദ്രന്‍ അരങ്ങത്തും എം.പി. വിന്‍സെന്റും പങ്കെടുത്തിട്ടുണ്ട്. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍, ജോസ് വള്ളൂര്‍ എന്നിവരെ ഒഴിവാക്കി. 90 ഡിസിസി ഭാരവാഹികളില്‍ ഏഴുപേരും 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരില്‍ നാലുപേരും രണ്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ഏതാനും പോഷക സംഘടനാ ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഗ്രൂപ്പ് യോഗങ്ങള്‍ പാടില്ലെന്നു ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണു യോഗം ചേര്‍ന്നതെന്നും കെപിസിസിക്കു പരാതി നല്‍കുമെന്നും ഡിസിസി ഭാരവാഹി പറഞ്ഞു.