
തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരനും പാമ്പുകളുടെ രക്ഷകനുമായ സന്തോഷ് കുമാർ (39) പാമ്പുകടിയേറ്റ് മരണപ്പെട്ടു. വടവള്ളിയിലെ ഒരു വീട്ടിൽ കയറിയ മൂർഖനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ സന്തോഷ് കുമാറിനെ വിവരമറിയിച്ചിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സന്തോഷ് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.
അദ്ദേഹത്തെ ഉടൻതന്നെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ സന്തോഷ് കുമാർ മരണത്തിന് കീഴടങ്ങി. കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാർ ചെറുപ്പം മുതലേ പാമ്പുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പതിനഞ്ചാം വയസ്സിൽ തന്നെ പാമ്പുകളെ പിടികൂടാൻ തുടങ്ങിയ അദ്ദേഹം ഈ രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു. തമിഴ്‌നാട് സർക്കാരിൻ്റെ ഔദ്യോഗിക പാമ്പുപിടുത്തക്കാരുടെ പട്ടികയിൽ സന്തോഷ് കുമാർ അംഗമായിരുന്നു.

ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ പിടികൂടി അവയെ ഉപദ്രവിക്കാതെ സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിടുക എന്നതായിരുന്നു സന്തോഷിൻ്റെ പ്രധാന രീതി. കോയമ്പത്തൂർ ജില്ലയിൽ രാജവെമ്പാല, പെരുമ്പാമ്പ്, മൂർഖൻ തുടങ്ങി വിവിധ ഇനങ്ങളിലുള്ള ആയിരക്കണക്കിന് വിഷപ്പാമ്പുകളെ സന്തോഷ് കുമാർ പിടികൂടി രക്ഷിച്ചിട്ടുണ്ട്. പാമ്പുകളുടെ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും നിരവധി ബോധവൽക്കരണ ക്ലാസുകളും പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.