
തിരുവനന്തപുരം: തന്നെ ആക്രമിച്ചത് മകന്‍ അഫാന്‍ തന്നെയാണെന്ന് ഷെമി. ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് അഫാന്‍ പറഞ്ഞു. ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തുഞെരിച്ചെന്നാണ് ഷെമി മൊഴി നല്‍കിയിരിക്കുന്നത്.
ഭര്‍ത്താവ് അറിയാതെ മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. 50,000രൂപ തിരിച്ചുകൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാനായില്ലെന്നും ഷെമി പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബില്‍ വീഡിയോകള്‍ കണ്ടിരുന്നതായും ഷെമി പറഞ്ഞു.

ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍ നടത്തുന്ന വെഞ്ഞാറമൂട് മേലെകുറ്റിമൂട് ഉള്ള സ്‌നേഹ സ്പര്‍ശം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ വച്ച് കിളിമാനൂര്‍ സിഐ: ബി ജയന്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യം പറഞ്ഞത്. കട്ടിലില്‍ നിന്ന് വീണാണ് പരിക്കേറ്റതാണെന്നായിരുന്നു മുമ്പ് ഷെമി പറഞ്ഞിരുന്നത്.
അഫാനെ ജയിലില്‍ നിന്നിറക്കണമെന്ന് അവര്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ‘ഞാന്‍ കട്ടിലില്‍ നിന്ന് വീണതാണ്. എനിക്ക് സംഭവിച്ചതും അതുതന്നെയാണ്. എന്റെ ഓര്‍മയിലും അതുതന്നെയാണ്. പൊലീസുകാര്‍ രണ്ട് തവണ ചോദിച്ചു. എനിക്ക് അന്ന് സ്‌കൂളില്‍ കൊച്ചിനെ വിട്ട കാര്യമൊക്കെ ഓര്‍മയുണ്ട്. അതുതന്നെയാണ് ഞാന്‍ പറഞ്ഞത്.
സാറെ എന്റെ കൊച്ചിനെ ഇറക്കാന്‍ പറ്റുമോ. എന്റെ കൊച്ചിനെ ഇറക്കിതരണം. ഇളയവന്‍ മരിച്ചുപോയി, എനിക്ക് മൂത്തമകനേയുള്ളൂ. അവനെയെങ്കിലും എനിക്ക് ഇറക്കിത്തരണം. അവനെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ എന്നേ എന്തെങ്കിലും ചെയ്തേനെ. ‘- എന്നായിരുന്നു ഷെമി ഇന്നലെ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.
അനുജന്‍, കാമുകി, മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് ഷെമി. അതിനാല്‍ത്തന്നെ കേസില്‍ അവരുടെ മൊഴി നിര്‍ണായകമാണ്.