
ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: ഒന്‍പതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശുഭാവസാനം. ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും ഒടുവില്‍ ഭൂമിയില്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്. ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്.
കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം, സുനിത വില്യംസിന്റെ തിരിച്ചുവരവ് ഇന്ത്യയും ആഘോഷമാക്കി. സുനിതയുടെ പിതൃഗ്രാമമായ ഗുജറാത്തിലെ ജുലാസന്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് തിരിച്ചുവരവ് ആഘോഷിച്ചത്. സുനിതയും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടന്നിരുന്നു.
തിരിച്ചുവരവിനു ശേഷം, ഇന്ത്യയില്‍ നിങ്ങളെ കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സുനിതയ്ക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരില്‍ ഒരാള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് സന്തോഷകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നിന്നു യുഎസിലേക്ക് കുടിയേറിയ ഡോക്ടര്‍ ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയന്‍ വംശജ ബോണിയുടെയും മകളാണ് സുനിത.