
കൊച്ചി: ഗാനരചയിതാവും തിരക്കഥാകൃത്തും നോവലിസ്റ്റുമായ മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ (78) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഒരാഴ്ച മുൻപ് വീട്ടിൽ വീണ് പരുക്കേറ്റിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ 8 ദിവസമായി ചികിത്സയിലായിരുന്ന മങ്കൊമ്പിന് ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
സംസ്കാരം ബുധനാഴ്ച.
ഭാര്യ: കനകമ്മ. മക്കൾ: രേഖ (ചെന്നൈ), രാഖി (അധ്യാപിക, മുംബൈ), ദിവ്യ (ആർക്കിടെക്ട്, കൊച്ചി), യദുകൃഷ്ണ (നെതർലൻഡ്സ്). മരുമക്കൾ: അശോകൻ (ചെന്നൈ), വിനോദ് (മുംബൈ), വിമൽ (ആർക്കിടെക്ട്, കൊച്ചി), രേഖ (നെതർലൻഡ്സ്). .

200 സിനിമകളിൽ 700ലധികം പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. മലയാള മനോരമ, മംഗളം വാരികകളിൽ നോവലുകളും എഴുതിയിട്ടുണ്ട്. സംവിധായകൻ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ് വിശ്വനാഥനായിരുന്നു. മാത്രമല്ല, പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. 200 ചിത്രങ്ങൾ മലയാളത്തിലേയ്‌ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്.
എംഎ ബിരുദധാരിയായ മങ്കൊമ്പ് 1971 ൽ പുറത്തിറങ്ങിയ ‘വിമോചനസമരം’ എന്ന ചിത്രത്തിലൂടെ വയലാര്‍, പി ഭാസ്കരന്‍, പിഎന്‍ ദേവ് എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടാണ് മലയാളചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചത്. ‘കാളിദാസന്റെ കാവ്യഭാവന’, ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’, ‘ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ’, ‘വെളിച്ചം വിളക്കണച്ചു’, ‘നാടൻ പാട്ടിന്റെ മടിശ്ശീല’, ‘കണ്ണാ നീ ഉറങ്ങെടാ’ തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന നിത്യഹരിത ഗാനങ്ങളാണ്. ‘പൂമഠത്തെ പെണ്ണ്’ എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ട്.
മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘അന്വേഷണം’ മാസികയുടെ പ്രത്രാധിപരായും അദ്ദേഹം കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു.