
കുമിളി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു.
ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കടുവയെ മയക്കുവെടി വെച്ചെങ്കിലും, അത് മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതോടെ മൂന്നുതവണ വെടിവെക്കുകയായിരുന്നു. സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഞായറാഴ്ച പകൽ മുഴുവൻ തിരഞ്ഞെങ്കിലും കടുവയെ കണ്ടെത്തിയില്ല. എന്നാൽ തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ നാരായണൻ്റെ പശുവിനെയും വളർത്തുനായയെയും കടുവ ആക്രമിച്ചു കൊന്നതോടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി.

തുടർന്ന് വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് നിർദേശം നൽകി. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്.
എന്നാൽ ഇവിടെവെച്ച് മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ കടുവ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയതിന് ശേഷമാണ് വെടിവെച്ചത്. രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും കടുവ പൂർണമായും മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ പെട്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചെത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ സ്വയരക്ഷയ്ക്ക് വേണ്ടി വനംവകുപ്പ് സംഘം 3 തവണ വെടിയുതിർക്കുകയായിരുന്നു.
നേരത്തെ ഗ്രാമ്പിയിൽ കണ്ട പരുക്കേറ്റ കടുവ തന്നെയാണ് അരണക്കല്ലിൽ എത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വാർഡ് 15 ൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.