
ന്യൂയോർക്ക്: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 8 ദിവസത്തെ ഗവേഷണത്തിനായി പോയത് ജൂൺ 5നാണ്. പക്ഷേ ബഹിരാകാശ പേടകമായ ബോയിങ് സ്റ്റാർലൈനറിന് ഉണ്ടായ സാങ്കേതിക തകരാറുകള്‍ മൂലം മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇരുവരും 9 മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയി. എന്നാൽ മാർച്ച് 19 ബുധനാഴ്ച സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ഇരുവരും മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. മടക്കയാത്ര കയ്യകലെ എത്തിനിൽക്കുമ്പോൾ ലോകത്താകമാനം സുനിതയേയും ബുച്ച് വിൽമോറിനെയും കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്.
നാസയും സ്‌പേസ് എക്സും നടത്തുന്ന സംയുക്ത ദൗത്യങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ആവേശവും ഒപ്പം ആശങ്കയും പകര്‍ന്നിരിക്കുന്നു. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവി, മനുഷ്യന്റെ ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കുമുള്ള യാത്രകൾ, സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ 9 മാസം ചിലവിട്ടതിലൂടെ കൈവരുന്ന നേട്ടങ്ങൾ, മടക്കം, ഭാവി ദൗത്യങ്ങൾ എന്നീ കാര്യങ്ങളിൽ നിരവധി സംശയങ്ങൾ എല്ലാ ശാസ്ത്രകുതുകികൾക്കും ഉണ്ട്.

മറ്റൊന്ന് ജീവൻ പണയം വച്ചുള്ള യാത്രയിൽ ഇരുവർക്കും നാസ നൽകുന്ന തുക എത്രയായിരിക്കും എന്നതാണ്. ഇരുവർക്കും വൻ തുക ലഭിക്കും എന്നാണ് ഊഹാപോഹങ്ങൾ.
ഒരു ഗവൺമെൻ്റ് ഏജൻസിയിലെ ജീവനക്കാരായതിനാൽ ഇരുവരും ഭൂമിയിലെ മറ്റ് പതിവ് ജോലി പോലെ തന്നെയാണ് ബഹിരാകാശത്തും സമയം ചെലവഴിക്കുന്നത്. നാസ നൽകുന്ന സ്‌ഥിര ശമ്പളം തന്നെയാണ് ഇരുവർക്കും ലഭിക്കുക. എങ്കിലും ചെറിയൊരു സ്‌റ്റൈപ്പൻ്റ് മാത്രം അധികമായി ലഭിക്കും.
ഇരുവരും ഉൾപ്പെടുന്ന ജനറൽ ഷെഡ്യൂൾ-15 ശമ്പള ഗ്രേഡിന് കീഴിലുള്ള സർക്കാർ ജീവനക്കാർക്ക് വാർഷിക അടിസ്‌ഥാന ശമ്പളം 125,133 ഡോളർ മുതൽ 162,672 ഡോളർ വരെയാണ്. അതായത് ഏകദേശം 1.08 കോടി മുതൽ 1.41 കോടി രൂപ വരെ. ദൗത്യം നീണ്ടുപോയതിനാൽ അത്രയും ദിവസത്തെ ആനുപാതിക ശമ്പളവും ലഭിക്കും, 93,850 മുതൽ 122,004 ഡോളർ വരെ. അതായത് ഏകദേശം 81 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെ. ഇതിനോടൊപ്പം സ്‌റ്റൈപ്പൻ്റ് ഒരു ലക്ഷം രൂപ കൂടി ചേർത്താൽ ദൗത്യത്തിലൂടെയുള്ള ആകെ വരുമാനം 94,998 ഡോളർ മുതൽ 123, 152 ഡോളർ വരെയായിരിക്കും. അതായത് ഏകദേശം 82 ലക്ഷം മുതൽ 1.06 കോടി രൂപ വരെ.
ബഹിരാകാശ നിലയത്തിൽ ആഹ്ളാദത്തിൻ്റെയും ശാസ്ത്ര ലോകത്തിന് ആശ്വാസത്തിൻറെയും ദിവസങ്ങളാണിത്. 2024 ജൂൺ മുതൽ ബഹിരാകാശത്തെ അന്താരാഷ്ട്ര നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ യാത്രികർ സുനിതയെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട സംഘം പേടകത്തിനകത്ത് പ്രവേശിച്ചു. വലിയ സന്തോഷത്തോടെ സ്പേസ് എക്സ് ക്രൂ-10 ദൗത്യ സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സ്വീകരിക്കുന്നതിൻ്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു.
മാർച്ച് 19 ന് തിരികെ ഭുമിയിലേക്ക് പുറപ്പെടാനാണ് തീരുമാനം. രണ്ടു തവണ മാറ്റിവെച്ച രക്ഷാ പ്രവർത്തനമാണ് യാത്രാ സംഘം നിർവ്വഹിച്ചത്. 28 മണിക്കുറാണ് സ്പേസ് എക്സ് ക്രൂ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചേരാൻ എടുത്തത്.
ഇത്രയും നാളത്തെ ബഹിരാകാശവാസം വലിയ ശാരീരിക വെല്ലുവിളികളാവും അവർക്ക് സമ്മാനിക്കുക. പാദങ്ങൾ പോലും കുട്ടികളുടെത് പോലെയാവും എന്നാണ് പഠനങ്ങൾ. ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷത്തിൽ ഇത്രയും നാൾ കഴിഞ്ഞത് രക്തചംക്രമണ വേഗത്തെ ബാധിക്കും. എല്ലുകളുടെ സാന്ദ്രത കുറയുന്നത് നടക്കാനും മറ്റും വെല്ലിവിളി ഉയർത്തും. റേഡിയേഷൻ പ്രശ്‌നങ്ങളും കൂടുതലായി ഉണ്ടാവാം. ഇവയെല്ലാം ചേരുന്ന മാനസിക പ്രശ്‌നങ്ങളും ബാധിക്കാം എന്നും നാസ പഠനങ്ങൾ പറയുന്നു.