
സന്ദേഹങ്ങളും അഭ്യൂഹങ്ങളും അവസാനിച്ചു. ഒടുവിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥനെ തിരഞ്ഞെടുത്തു. എസ്എഫ്ഐയിലൂടെ തുടങ്ങിയ സമര സംഘടന പ്രവർത്തനമാണ് ഒടുവിൽ ജില്ലാ സെക്രട്ടറിയുടെ പദവിയിൽ എത്തിനിൽക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം എം.വി ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. അന്തരിച്ച എ.വി റസ്സലിന്റെ പിൻഗാമിയായാണ് ടി.ആർ രഘുനാഥൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

”പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ചുമതലയാണ്. സഖാവ് റസ്സൽ കോട്ടയം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടുറപ്പോടെയും ദീർഘവീക്ഷണത്തോടെയും നയിച്ച സഖാവാണ്. മുൻ ജില്ലാ സെക്രട്ടറിമാരെല്ലാവരും വളരെ സജീവമായി പ്രവർത്തനം കാഴ്ചവെച്ചവരാണ്. അത് തുടരണം എന്നാണ് ആഗ്രഹം”
ടി.ആർ രഘുനാഥൻ പറഞ്ഞു.
രഘുനാഥനെ നേരത്തെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.
എസ്എഫ്ഐ യിലൂടെയാണ് ടി.ആർ രഘുനാഥൻ സംഘടന രംഗത്തേക്ക് കടന്നുവന്നത്. ബസേലിയസ് കോളജ് യൂണിറ്റ് സെക്രട്ടറി പദവിയായിരുന്നു ആദ്യം. പിന്നീട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി യുവജന സംഘടന പ്രവർത്തനം ആരംഭിച്ചു. ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ്. അയർക്കുന്ന ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചു.
പിന്നീട് സിപിഎം അയർക്കുന്നം ഏരിയ സെക്രട്ടറിയായി. തുടർന്ന് ജില്ലാ കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. നിലവിൽ സിഐടിയു കോട്ടയം ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ വർക്കിംഗ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും രഘുനാഥൻ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോട്ടയം കോ- ഓപ്പറേറ്റിങ് അർബൻ ബാങ്ക് ചെയർമാനുമാണ്. അയർക്കുന്നം അറുമാനൂറാണ് സ്വദേശം. ഭാര്യ രഞ്ജിത. മകൻ രഞ്ജിത്ത്. മരുമകൾ അർച്ചന.