
സംഗീത ചക്രവർത്തി ജി.ദേവരാജൻ ഈ ലോകത്തോടു വിട ചൊല്ലിയിട്ട് ഇന്ന് 19 വർഷം. മലയാള ചലച്ചിത്ര- നാടകഗാന ശാഖയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹം കൊല്ലം ജില്ലയിലെ പരവൂരിൽ 1925 സെപ്റ്റംബർ 27നാണ് ജനിച്ചത്.
വ്യത്യസ്തങ്ങളായ ഈണങ്ങൾ കൊണ്ട് മലയാള ഗാനശാഖ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ ഈണങ്ങളിൽ നാടൻ പാട്ടിന്റെ കിലുകിലാരവവും പാശ്ചാത്യ സംഗീതത്തിന്റെയും കർണാടക ഹിന്ദുസ്ഥാനി സംഗീതങ്ങളുടെയും ഇഴയടുപ്പവും ഉണ്ടായിരുന്നു.
സിനിമ പാട്ടിൽ സാഹിത്യം വേണമെന്നും ഈണങ്ങൾ അതുപോലെ ആകണമെന്നും നിർബന്ധം പിടിച്ചിരുന്ന മാസ്റ്റർ സംഗീതത്തിനും സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകി വരികൾ ഹൃദിസ്ഥമാക്കിയതിനുശേഷം മാത്രം ഈണമിടുന്ന സ്വഭാവ വിശേഷണമുള്ള വ്യക്തിയായിരുന്നു.
മാസ്റ്റർ സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ മലയാള ഭാഷ നിലവിലുള്ള കാലത്തോളം സംഗീത സാഹിത്യ ആസ്വാദകരുടെ മനസ്സിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറുകയില്ല. വയലാർ, ദേവരാജൻ, യേശുദാസ് എന്നീ മൂന്ന് പ്രതിഭകളുടെ സംഗമം മലയാള ചലച്ചിത്ര ലോകത്തിന്റെ വലിയൊരു കാലഘട്ടം അനാവരണം ചെയ്യപ്പെട്ടു എന്ന് തീർച്ച.

ചില ദേവരാജഗാന കണക്കുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
1. ഏറ്റവും കൂടുതൽ ദേവരാജഗാനങ്ങൾക്ക് വരികൾ എഴുതിയത് വയലാർ (മലയാളത്തിൽ ഏറ്റവും കൂടുതൽ ഒന്നിച്ച ജോഡി). രണ്ടാമത് ആ സ്ഥാനത്ത് നിൽക്കുന്നത്, ദേവരാജൻ ഒരിക്കൽ ശത്രുവായി കരുതിയ ശ്രീകുമാരൻ തമ്പിയാണ്. അതിനു താഴെ പി ഭാസ്‌ക്കരൻ, യൂസഫലി, ഓഎൻവി എന്നിവർ.
പിൽക്കാലത്ത് വയലാറിന്റെ പുത്രൻ ശരത്ചന്ദ്ര വർമ്മ ആദ്യമായി ഗാനരചന നിർവ്വഹിച്ച ‘എന്റെ പൊന്നു തമ്പുരാൻ’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ജി. ദേവരാജൻ തന്നെയായിരുന്നു.
2. ദേവരാജന്റെ സംഗീതത്തിൽ ഏറ്റവും കൂടുതൽ പാടിയ ഗായിക മാധുരി. ‘പ്രിയസഖി ഗംഗേ’ അടക്കം 260 ഓളം ഗാനങ്ങൾ. അടുത്ത സ്ഥാനങ്ങൾ സുശീല, പി ലീല, ജാനകി.
3. ഏറ്റവും കൂടുതൽ ഉപയോഗിച്ച രാഗം മോഹനം (പെരിയാറേ…). രണ്ടാമത് കല്യാണി (സ്വർണ്ണച്ചാമരം വീശിയെത്തുന്ന…).
4. 1977 ൽ 150 ൽപ്പരം ഗാനങ്ങൾക്ക് സംഗീതം നൽകി.
5. ഏറ്റവും കൂടുതൽ ഒന്നിച്ചു പ്രവർത്തിച്ച സംവിധായകൻ: കെ എസ് സേതുമാധവൻ.
6. ദേവരാജന്റെ ആദ്യസിനിമ ‘കാലം മാറുന്നു’ 1955 ൽ പുറത്തിറങ്ങി. പിന്നെ അടുത്ത ചിത്രം 4 വർഷം കഴിഞ്ഞാണ്: ചതുരംഗം. അതിലാണ് വയലാറുമായി ഒന്നിക്കുന്നത്. പിന്നിട് ഈ കൂട്ടുകെട്ടിൽ പിറന്ന ‘ഭാര്യ’ സൂപ്പർ ഹിറ്റ്. അതിൽ നിർമ്മാതാവ് കുഞ്ചാക്കോയോട് ശുപാർശ ചെയ്‌ത് യേശുദാസിന് ഒരു ഗാനം കൊടുത്തു. ‘പഞ്ചാരപ്പാലുമിട്ടായി.’ യേശുദാസിന് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനായി പിന്നെ ദേവരാജൻ മാറി. അതിന്റെ പകുതിയോളമേ വരൂ രവീന്ദ്രൻ യേശുദാസിനായി ഒരുക്കിയ ഗാനങ്ങളുടെ എണ്ണം.
7. മോഹൻലാൽ ചിത്രം ലൂസിഫറിൽ ഉപയോഗിച്ച വരിക വരിക സഹജരേ എന്ന ഗാനം, മുൻപ് ദേവരാജൻ സംഗീതം പകർന്ന ദേശഭക്തിഗാനമാണ്.
300ലേറെ സിനിമകളിൽ 2000ലേറെ ഗാനങ്ങൾക്ക് മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ മഹാഭൂരിപക്ഷവും. കേരള സർക്കാരിന്റെ ഏറ്റവും മികച്ച ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.
ഒരു നിരീശ്വരവാദി ആയിരുന്നു എങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിലെ ക്ലാസിക്കുകളായി കരുതപ്പെടുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രഗാനങ്ങളിൽ ചിലതാണ് ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ.
സുനിൽ കെ. ചെറിയാൻ