CrimeNEWS

‘മാല കടം ചോദിച്ചു, തരില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; ബന്ധുവായ പെണ്‍കുട്ടിയെ കൊല്ലാനും ലക്ഷ്യമിട്ടു’

തിരുവനന്തപുരം: ബന്ധുവായ പെണ്‍കുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുക്കാനാണു വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നു സൂചന. പെണ്‍കുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാല്‍ മതിയെന്നു പറഞ്ഞെങ്കിലും കടം നല്‍കാന്‍ പറ്റില്ല എന്നറിയിച്ച് പെണ്‍കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു.

മാതാവ് ഷെമിയെക്കൊണ്ടും പെണ്‍കുട്ടിയില്‍നിന്ന് മാല വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് താഴെ പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സല്‍മാബീവിയുടെ മാല തട്ടിയെടുക്കാന്‍ അഫാന്‍ ലക്ഷ്യമിട്ടത്. കടബാധ്യത വര്‍ധിച്ചതോടെ പിതാവിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നതു ചൊടിപ്പിച്ചിരുന്നുവെന്നും അഫാന്‍ പൊലീസിനു മൊഴി നല്‍കി. രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം.

Signature-ad

വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍ചികിത്സ വേണ്ട ഷെമിയെ, വെഞ്ഞാറമൂട് പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലേക്കു മാറ്റി. മകനും വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയുമായ അഫാന്‍ ഗുരുതരമായി ആക്രമിച്ചു പരുക്കേല്‍പിച്ചതിനെ തുടര്‍ന്നാണു ഷെമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷെമിയുടെ ഭര്‍ത്താവ് അബ്ദുല്‍ റഹിം, ഷെമിയുടെ മറ്റു ബന്ധുക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: