
കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഭാര്യ മഞ്ജുഷയുടെ അപ്പീലാണു കോടതി തള്ളിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും പറഞ്ഞായിരുന്നു അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണു നിലവിലെ അന്വേഷണം നടത്തുന്നതെന്നായിരുന്നു നവീന്റെ കുടുംബത്തിന്റെ ആരോപണം.
2024 ഒക്ടോബര്‍ 15നാണു നവീന്‍ ബാബു മരിച്ചത്. നരഹത്യാ സാധ്യത മുന്‍നിര്‍ത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണു വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയത്.