
ലഖ്‌നൗ: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും മുപ്പതോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയം ബലപ്പെടുന്നു. കുംഭമേള നിറുത്തിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാഹ്യശക്തികള്‍ മനഃപൂര്‍വം തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നോ എന്ന സംശയമാണ് അന്വേഷണ കമ്മീഷനുള്ളത്. ഇക്കാര്യത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കുംഭമേള കലക്കാന്‍ വിദ്ധ്വംസക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി 16,000-ലധികം മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചു. ഇതില്‍ പലതും ഇപ്പോള്‍ സ്വിച്ച് ഓഫ് ആയതാണ് കൂടുതല്‍ സംശയത്തിന് ഇടയാക്കിയത്. അന്വേഷണത്തില്‍ പല നമ്പരുകളുടെയും ഉടമസ്ഥരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് മുഖം തിരിച്ചറിയാന്‍ കഴിയുന്ന ആപ്പിന്റെ സഹായത്തോടെ ഗൂഢാലോചനക്കാരെ കണ്ടെത്താനുളള ശ്രമവും തുടങ്ങിയിട്ടുണ്ട്.

സനാതന ധര്‍മ്മത്തെ ഇടിച്ചുതാഴ്ത്താന്‍ ഒരു ഗുഢാലോചനയ്ക്കും കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്നവരെയും അജ്ഞാതരെയും നിരീക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുംഭമേളയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. പാര്‍ക്കിംഗിനുള്ള സ്ഥലം പരമാവധി വര്‍ദ്ധിപ്പിക്കാനും ഭക്തര്‍ക്ക് പ്രശ്‌നങ്ങളില്ലാതെ കടന്നുപോകാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളിലെ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്കുപകരം ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുണ്യസ്‌നാനത്തിനും മറ്റും തീര്‍ത്ഥാടകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ രാത്രിയില്‍ മികച്ച രീതിയില്‍ പ്രകാശം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അവലോകന യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. റോഡുകള്‍ കൈവശപ്പെടുത്തുന്ന തെരുവുകച്ചവടക്കാര്‍ക്കെതിരെ നപടി സ്വീകരിക്കാനും ഇത്തരം പ്രദേശങ്ങളില്‍ സുഗമ സഞ്ചാരത്തിന് അവസരമൊരുക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതല്‍ ആംബുലന്‍സ്,മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കി കുംഭമേളയ്ക്കിടെ ദുരന്തമുണ്ടായത്. മുപ്പതുപേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായി പറയുന്നത്. വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയെന്ന ആരോപണം ശക്തമാണ്.