
മുംബൈ: ആയിരം രൂപ ഫീസ് കുടിശിക അടയ്ക്കാന്‍ വൈകിയതിന് അഞ്ചു വയസ്സുകാരനായ വിദ്യാര്‍ഥിയെ പിടിച്ചുവച്ച പ്രിന്‍സിപ്പലിനും കോഓര്‍ഡിനേറ്റര്‍ക്കും എതിരെ കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സീവുഡ്‌സ് സെക്ടര്‍ 42ലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണു നടപടി.
”സ്‌കൂള്‍ സമയം കഴിഞ്ഞ് മകനെ കൂട്ടാന്‍ ചെന്നപ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം കണ്ടില്ല. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോള്‍ മാനേജ്‌മെന്റിനോടു സംസാരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫീസ് മുഴുവന്‍ അടയ്ക്കാത്തവരെ ഡേകെയറില്‍ ഇരുത്തുകയാണ് രീതിയെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. ആയിരം രൂപ ഉടന്‍ അടച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അധികൃതര്‍ തയാറാകാതെ വന്നതോടെ സ്ഥലം എംഎല്‍എ മന്ദാ മാത്രയെ വിവരം അറിയിച്ചു. അവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

28ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മകനെ ക്ലാസില്‍ കയറ്റാതെ ഡേകെയര്‍ മുറിയില്‍ ഇരുത്തിയെന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പരാതിക്കാരന്‍ പറഞ്ഞു.