
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന എന്‍.സി.പി സംസ്ഥാന പ്രസിഡിന്റ് പി.സി ചാക്കോയുടെ പ്രസംഗം പുറത്ത്. മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചാക്കോയുടെ വിമര്‍ശനം. കുറിക്ക് കൊള്ളും വിധം മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ തനിക്കറിയാമെന്ന് പി.സി ചാക്കോ എന്‍സിപി തിരിവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ പ്രസംഗിച്ചതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
ഇത് ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു.

എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കുറേ നാളായി വലിയ തോതില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. നേരത്തെ അച്ചടക്കനടപടി നേരിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ആറ്റുകാല്‍ സജിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കുറേക്കാലമായി രൂക്ഷമാണ്. സജിയെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ നിലവിലെ ജില്ലാ കമ്മിറ്റിയിലുമുണ്ട്. കഴിഞ്ഞ തവണ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം പി.സി ചാക്കോയ്ക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
മൂന്ന് ദിവസം മുന്‍പാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്. സംഭവത്തെക്കുറിച്ച് പി.സി ചാക്കോ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുള്ളവരും വിഷയത്തില്‍ വ്യക്തമായ മറുപടി തന്നിട്ടില്ല. മന്ത്രിമാറ്റം ഉണ്ടാവണമെന്നും എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് ചാക്കോ വിഭാഗത്തിന്റെ നിലപാട്