
എറണാകുളം: കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് മിഹിര്‍ അഹമ്മദ് (15) എന്ന സ്‌കൂള്‍ വിദ്യാര്‍ഥി താഴേയ്ക്ക് ചാടി മരിക്കാന്‍ കാരണം സഹപാഠികളുടെ ക്രൂരമായ റാഗിങ്ങാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ഇതുസംബന്ധിച്ച് തെളിവുകളടക്കം നിരത്തി അവര്‍ പോലീസില്‍ പരാതി നല്‍കി.
ജനുവരി 15 നാണ് മിഹിര്‍ ഫ്ളാറ്റില്‍നിന്നും വീണ് മരിച്ചത്. ചോറ്റാനിക്കരയ്ക്കടുത്ത് തിരുവാണിയൂരുള്ള സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മിഹിര്‍. മിഹിറിനെ സ്‌കൂളിലെ കുട്ടികള്‍ ബസില്‍ ക്രൂരമായി മര്‍ദിച്ചു. വാഷ് റൂമില്‍ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്ത്തിവെച്ച് ഫ്ളഷ് അമര്‍ത്തി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക, ശാരീരിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് മിഹിര്‍ ജീവനൊടുക്കിയത്- മാതാവിന്റെ പരാതിയില്‍ പറയുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ജനുവരി 15-ന് എന്റെ കുടുംബത്തില്‍ നടന്ന ദാരുണ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങള്‍ പുറംലോകം അറിയണമെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം കൂടെ നില്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് ഇതിന് മുതിരുന്നതെന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

അമ്മയുടെ കുറിപ്പില്‍ നിന്ന്: ‘വീട്ടമ്മയും ഒരു സംരംഭകയും 15- കാരനായ മിഹിറിന്റെ മാതാവുമായ ഞാന്‍ തൃപ്പൂണിത്തുറയില്‍ സന്തുഷ്ട കുടുംബജീവിതം നയിച്ചുവരുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന എന്റെ മകന്‍ മിഹിര്‍ സ്‌കൂളില്‍ നിന്ന് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലേക്ക് ഉച്ചകഴിഞ്ഞു വരുകയും വൈകാതെ കെട്ടിടത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് ഞങ്ങള്‍ക്ക് ലഭിച്ചത്.
മിഹിര്‍ മൂന്നുമാസം മുന്‍പ് പുതുതായി ചേര്‍ന്ന സ്‌കൂളില്‍വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാര്‍ഥികളാല്‍ അതിക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതില്‍നിന്നും, ഞങ്ങള്‍ക്ക് ലഭ്യമായ ചില സോഷ്യല്‍ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവന്‍ ശക്തമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാണ്. അത്തരമൊരു നിസ്സഹായമായ ഘട്ടത്തില്‍ അവന്‍ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തക്ക തെളിവുകളും ലഭിച്ചു. എന്റെ പ്രിയപ്പെട്ട മകന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പരാതി പോലീസില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഡി.ജി.പി.ക്കും വിശദമായ പരാതി നല്‍കിയിട്ടുണ്ട്. പ്രിയപ്പെട്ട മകന്റെ ജീവന്‍ അപഹരിച്ച കേസിലെ മുഴുവന്‍ പ്രതികളെയും എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹമായ ശിക്ഷ നല്‍കണം എന്നതാണ് ഒരു മാതാവ് എന്ന നിലയില്‍ എന്റെ ആവശ്യം. അതിനു വേണ്ടി സാധ്യമായ എല്ലാ നിയമപോരാട്ടവും നടത്താനാണ് തീരുമാനം.’
കുട്ടി മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം ഇക്കാര്യങ്ങള്‍ കൂടി ചേര്‍ത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഹില്‍പ്പാലസ് എസ്.ഐ: അനില അറിയിച്ചു. സ്‌കൂളിലെ കുട്ടികളെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നേരില്‍ കണ്ടിരുന്നു. എന്നാല്‍, പരീക്ഷ നടക്കുന്നതിനാല്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.