
സൗദി അറേബ്യ: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ ജിസാനിൽ വധ ശിക്ഷക്ക് വിധേയനാക്കി. സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. യാസിർ മുഹമ്മദ് എന്ന യമനി പൗരനെ കുത്തിക്കൊലപ്പെടുത്തിയ ഖാസിം ബിൻ മുഹമ്മദ് എന്ന സൗദി പൗരനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്.
വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വധ ശിക്ഷ നടപ്പാക്കുകയും ചെയ്‌തതായി മന്ത്രാലയം വ്യക്തമാക്കി.

മലയാളിയെ കൊന്ന കേസിൽ സൗദിയിൽ മലയാളിയടക്കം 5പേരെ വധശിക്ഷക്ക് വിധേയരാക്കിയത് കഴിഞ്ഞ വർഷമാണ്. ഒരു മലയാളിയെയും നാല് സൗദി പൗരന്മാരെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ട കേസിലാണ് വിധി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖാണ് വധശിക്ഷക്ക് വിധേയനായ മലയാളി.
സൗദി അറേബ്യ 330 പേരെ 2024ൽ വധശിക്ഷയ്ക്ക് വിധേയമാക്കി. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണത്രേ ഇത്. കൊലപാതക കേസുകളിലൊഴികെയുള്ള കേസുകളില്‍ വധശിക്ഷ നല്‍കുന്നത് ഒഴിവാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2 വർഷം മുമ്പ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.