
തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആർമിയിലേക്ക് അഗ്നിപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് റാലി നാളെ (ഫെബ്രുവരി 1) മുതൽ 7 വരെ നടക്കും. 2019 ന് ശേഷം ഇതാദ്യമായാണ് തൃശൂർ ജില്ല ഇങ്ങനെയൊരു റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റാലി രാവിലെ 6 മണിക്ക് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യും.
ജില്ലാ ഭരണകൂടം റാലിക്കുവേണ്ടി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും വരുന്ന ഉദ്യോഗാർത്ഥികൾക്ക് സഹായം നൽകാനായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമും, ആംബുലൻസ് സൗകര്യവും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്കും, ആർമി ഉദ്യോഗസ്ഥർക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിന് കുടുംബശ്രീ ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും.

ഏതൊക്കെ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 3381 ഉദ്യോഗാർഥികള്‍ക്കായാണ് റിക്രൂട്ട്‌മെൻ്റ് റാലി നടത്തുന്നത്. ഉദ്യോഗാർഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, ദീര്‍ഘദൂര ഓട്ടം ഉള്‍പ്പെടെയുള്ള ഫിസിക്കല്‍ ടെസ്റ്റ്, വൈദ്യ പരിശോധന എന്നീ ഘട്ടങ്ങളാണ് റിക്രൂട്ട്‌മെൻ്റ് റാലിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ ചുരുക്ക പട്ടിക തയ്യാറാക്കും.
കോമണ്‍ എന്‍ട്രന്‍സ് എക്‌സാം (സിഇഇ) മുഖേന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ ചുരുക്ക പട്ടിക www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ 2024 ഡിസംബര്‍ 15ന് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ആര്‍മി റിക്രൂട്ട്‌മെൻ്റ് ഓഫീസര്‍ അറിയിച്ചു.