എറണാകുളം സെന്റ് തെരേസാസ് കോളജ് മുൻ ചെയർപേഴ്സണും, ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാടി’ലെ ബാലതാരവുമായ നികിത നയ്യാറുടെ (21) കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഞയാറാഴ്ച നികിത വിടവാങ്ങിയത്. ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു.
”എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ശരീരത്തിലെ പ്രവർത്തനക്ഷമമായ അവയവങ്ങളെല്ലാം ദാനം ചെയ്യണം.”
ചികിത്സയ്ക്കിടെ നികിത ഡോക്ടർമാരോട് പറഞ്ഞിരുന്നു. നികിത വിധിക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും, അവസാന ആഗ്രഹം പോലെ അവളുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ച നൽകുകയും അവരിലൂടെ ജീവിക്കുകയും ചെയ്യും.
രോഗം ബാധിച്ച ശേഷം രണ്ടുതവണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നികിത വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് നികിതയുടെ ജീവൻ നഷ്ടപ്പെടുന്നത്. ചികിത്സയുടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ തീവ്രമായി ശ്രമിച്ചെങ്കിലും വിധി നികിതയെ കവർന്നെടുത്തു.
ഡോണി തോമസ് (യുഎസ്എ) – നമിതാ മാധവൻകുട്ടി (കപ്പാ ടിവി) ദമ്പതികളുടെ മകളാണ്. പൊതുദർശനം ഇന്ന് (തിങ്കൾ) രാവിലെ 8 മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ. കൊല്ലം കരുനാഗപ്പള്ളിയാണ് നികിതയുടെ സ്വദേശം. സംസ്കാരം കൊച്ചിയിൽ നടക്കും. നികിതയുടെ അകാല വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.