‘അം അഃ’ ആസ്വാദകൻ്റെ മനസ്സ് നിറക്കുന്ന മനോഹര സിനിമ

ജയൻ മൺറോ
അതിമനോഹരമായ ഒരു ചിത്രം. തീയറ്ററിൽ മിസ്സ് ആക്കരുത്. മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും തീവ്രതയുമെല്ലാം ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഇടുക്കിയുടെ അതിമനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മികച്ച ഒരു സസ്പെൻസ് നൽകുന്ന ഒരു ചിത്രം കൂടിയാണ് ‘അം അഃ’.

ജാഫർ ഇടുക്കി ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ദിലീഷ് പോത്തൻ ഓരോ ചിത്രങ്ങൾ കഴിയുംതോറും പ്രേക്ഷകഹൃദയത്തിൽ കൂടുതൽ സ്ഥാനം പിടിക്കുന്നു. നായികയും ബാലതാരങ്ങളും ആശാനും തയ്യൽക്കാരിയായി വന്ന കുട്ടിയുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചായക്കടയും ആകാശവാണിയുമൊക്കെ ഗൃഹാതുരത്വം നിറച്ച സീനുകളായിരുന്നു. ഗോപി സുന്ദറിന്റെ തിരിച്ചുവരവിലൂടെ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ദൃശ്യ ചാരുതയ്ക്കും കഥാപാത്രങ്ങളുടെ അഭിനയ മികവിനും അടിത്തറ പാകി.
ചിത്രം ഒട്ടും ബോറടിപ്പിക്കാതെ മികച്ച നിലവാരത്തിൽ മുന്നോട്ടുകൊണ്ടുപോയ തിരക്കഥാകൃത്തിനും (പ്രസാദ് ഗോപിനാഥ്) സംവിധായകനും (തോമസ് സെബാസ്റ്റ്യൻ) തീർച്ചയായും കയ്യടി അർഹിക്കുന്നു ഒപ്പം ക്യാമറമാനും. ഒ ടി ടി യിൽ ഈ ചിത്രം റിലീസ് ആയതിനുശേഷം ഒരു നഷ്ടബോധം തോന്നാതിരിക്കാൻ ‘അം അഃ’ തീയറ്ററിൽ തന്നെ കണ്ടാസ്വദിക്കുക. ഒട്ടും പ്രതീക്ഷയില്ലാതെ പോയി കണ്ട ഈ ചിത്രം ശരിക്കും മനസ്സ് നിറച്ചു കളഞ്ഞു.