ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്നത് സ്ത്രീകളെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് കർണാടക ഹൈക്കോടതി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തക നല്‍കിയ കേസില്‍ കുറ്റാരോപിതനായ പൊലീസ് ഇൻസ്പെക്ടർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഉത്തരവ്. 2017ല്‍ ഭദ്രാവതി റൂറല്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു വിഷയത്തില്‍ പരാതി നല്‍കാൻ എത്തിയപ്പോഴാണ് ഇവർ ആദ്യമായി പരിചയപ്പെടുന്നത്. 2021ല്‍ ബന്ധം വേർപിരിയുകയും ലൈംഗികാതിക്രമമാരോപിച്ച് പൊലീസുകാരനെതിരെ യുവതി പരാതി നല്‍കുകയുമായിരുന്നു.
ഉഭയസമ്മത പ്രകാരമാണ് പരസ്പര ബന്ധത്തിലേർപ്പെട്ടതെങ്കിലും കൊലപാതകശ്രമം, ആക്രമണം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ കേസില്‍ നിലനില്‍ക്കും എന്ന് കോടതി ചൂണ്ടിക്കാട്ടി. ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡല്‍ഹി ഹൈക്കോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ അത് സ്വകാര്യ നിമിഷങ്ങളെ പകർത്താനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനുമുള്ള അനുവാദമല്ലെന്നും അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സുഹൃത്തായ പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് ഡല്‍ഹി ഹൈക്കോടതിയിലെ കേസിനാസ്പദമായ സംഭവം. തൊഴില്‍സ്ഥലത്ത് ഇഷ്ടപ്പെടാത്ത പെരുമാറ്റം ശല്യപ്പെടുത്തുന്നയാളുടെ ഉദ്ദേശ്യം പരിഗണിക്കാതെതന്നെ ലൈംഗിക പീഡനമാണെന്ന് മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.