NEWSWorld

US സര്‍ക്കാര്‍ രേഖകളില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്ജെന്‍ഡറുകള്‍ പുറത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാര്‍ രേഖകളില്‍ ലിംഗം രേഖപ്പെടുത്തുന്ന കോളങ്ങളില്‍ ഇനി സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് അതിലൊന്ന്. ഈ രണ്ടുവിഭാഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അംഗീകരിക്കില്ലെന്നുകൂടി വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളില്‍ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്.

Signature-ad

ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, നിരവധി റിപ്പബ്ലിക്ക് പാര്‍ട്ടി പ്രതിനിധികള്‍ ട്രാന്‍സ്ജെന്‍ഡര്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കായികയിനങ്ങളില്‍ പങ്കെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കെതിരെ ട്രംപ് തന്നെ ഒരു പ്രചാരണത്തില്‍ തുറന്നടിച്ചിരുന്നു.

വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളിക്കല്‍ (DEI) എന്നിവയിലധിഷ്ഠിതമായ കൂടുതല്‍ നടപടികള്‍ ഇനിയുമുണ്ടാവുമെന്ന് ട്രംപുമായി അടുത്തവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. എക്‌സിക്യൂട്ടീവ് ഉത്തരവുകളുടെ ഭാഗമായി ലിംഗ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് ഫെഡറല്‍ ഫണ്ടുകള്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.

യു.എസ് പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ടേമില്‍, ഡൊണാള്‍ഡ് ട്രംപ് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സൈനികര്‍ക്ക് നിരോധനം പ്രഖ്യാപിക്കുകയും ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. 2021 ല്‍ അധികാരമേറ്റ ശേഷം ജോ ബൈഡന്‍ ഈ നയം മാറ്റുകയായിരുന്നു.

Back to top button
error: