CrimeNEWS

ആര്‍ജി കര്‍ ബലാത്സംഗക്കൊലയില്‍ പ്രതിക്ക് ജീവപര്യന്തം; ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം

കൊല്‍ക്കത്ത: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. അപൂര്‍വങ്ങളില്‍ അപൂര്‍വമായുള്ള കേസ് അല്ലെന്ന് കോടതി പറഞ്ഞു. 50,000 രൂപയാണ് പിഴ. ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനായിരുന്നു ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയുടെ കൊലപാതകം. പൊലീസ് സിവിക് വൊളന്റിയറായിരുന്ന പ്രതിയെ കൊല്‍ക്കത്ത പൊലീസ് പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. പീഡനവും കൊലപാതകവും നടത്തിയത് ഒരാള്‍ മാത്രമാണെന്നാണു സിബിഐ കണ്ടെത്തിയത്.

പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം ബംഗാള്‍ സര്‍ക്കാര്‍ നല്‍കണമെന്നു നിര്‍ദേശിച്ചു. എന്നാല്‍ കുടുംബം അതു നിരസിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. പ്രതിക്ക് മാനസാന്തരത്തിന് അവസരം കൊടുക്കണമെന്നു കോടതി ഇന്നു നിരീക്ഷിച്ചു. സീല്‍ദായിലെ സിവില്‍ ആന്‍ഡ് ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

Signature-ad

ചെയ്ത ക്രൂരത കണക്കാക്കുമ്പോള്‍ വധശിക്ഷ വരെ നല്‍കേണ്ടതാണെന്നു ജഡ്ജി അനിര്‍ബന്‍ ദാസ് വാക്കാല്‍ നിരീക്ഷിച്ചു. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തെ വീഴ്ചകള്‍ക്കു തെളിവു ലഭിച്ചിട്ടുണ്ടെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു. നിരപരാധിയാണെന്നും കുറ്റം ചെയ്തിരുന്നെങ്കില്‍ തന്റെ രുദ്രാക്ഷമാല പൊട്ടിപ്പോകുമായിരുന്നുവെന്നും പ്രതി പറഞ്ഞു. യഥാര്‍ഥ കുറ്റവാളികള്‍ പുറത്തുണ്ടെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥനു പങ്കുണ്ടെന്നും ആരോപിച്ചു.

Back to top button
error: