തൃശൂര്‍: ചാലക്കുടി കാനനപാതയില്‍ വീണ്ടും ഒറ്റയാന്റെ പരാക്രമം. ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ഓടിയടുത്തത്. കണ്ണംകുഴി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 6മണിയോടെയായിരുന്നു സംഭവം. കാറിന്റെ ഇടതുഭാഗം കൊമ്പുകൊണ്ട് കുത്തിപൊക്കി പിന്നീട് താഴെയിടുകയും ചെയ്തു.
അതിരപ്പിള്ളിയിലെ ഷൂട്ടിങ് സെറ്റിലേക്ക് പോകുന്നതിനിടെ അപ്രതീക്ഷിതമായി റോഡിലേക്ക് ഓടികയറിയ ആന വാഹനത്തിന് നേരെ തിരിയുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ ഓടിച്ചുവിട്ടത്. മുറിവാലന്‍ കൊമ്പന്‍ എന്ന ആനയാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.