KeralaNEWS

”ടി.പിയുടെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്”

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എടുത്തതായിരുന്നുവെന്ന് സി.പി.എം നേതാവ് കെ.സുരേഷ് കുറുപ്പ് വെളിപ്പെടുത്തി. ടി.പിയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ദൈനംദിന കോണ്‍ടാക്ട് ഇടയ്ക്ക് ഇല്ലായിരുന്നെങ്കിലും എന്റെ മകന്റെ വിവാഹത്തിന് ഞാന്‍ ടി.പിയെ ക്ഷണിച്ചു. കോഴിക്കോട് എം.എല്‍.എയായിരുന്ന പ്രദീപ് കുമാറിന്റെ വീട്ടില്‍വച്ച് ഫോണില്‍ വിളിക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ഒരുപാട് തമാശകള്‍ പറഞ്ഞു ചിരിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുമോയെന്ന് ഞാന്‍ ചോദിച്ചു. വരുമെന്നായിരുന്നു സ്‌നേഹപൂര്‍വമുള്ള മറുപടി.

Signature-ad

പിന്നെ ഒരു ദിവസം രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ ഈ കൊലപാതക വാര്‍ത്തയാണ് കണ്ടത്. ഞാന്‍ തളര്‍ന്നിരുന്നു പോയി. അന്ന് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് പല കാരണങ്ങളാല്‍ പോകാനായില്ല. ചന്ദ്രശേഖരനുമായി അടുപ്പമുള്ള താനും എസ്.ശര്‍മയുമൊന്നും തിരിഞ്ഞു നോക്കിയില്ലെന്ന് കെ.കെ.രമ എവിടെയോ പ്രതികരിച്ചതായി അറിഞ്ഞു.

സി.പി.ജോണിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിന്നീട് ഞാന്‍ കുടുംബസമേതം തിരുവനന്തപുരത്ത് വന്നു. എഴുത്തുകാരനായ എസ്.ഗോപാലകൃഷ്ണനുമായി ഞാന്‍ സംസാരിക്കുന്നതിനിടെ രമ അവിടെ ഒരുഭാഗത്ത് സൈമണ്‍ ബ്രിട്ടോയോട് സംസാരിച്ചു നില്‍ക്കുന്നുവെന്നും അച്ഛന്‍ പോയി കാണുന്നില്ലേയെന്നും മകന്‍ ചോദിച്ചു. ഉടന്‍ ഭാര്യയെയും മക്കളെയും കൂട്ടി ഞാന്‍ രമയുടെ അടുത്തു ചെന്നു. രമയെ കണ്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി’- കുറുപ്പ് പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊലയില്‍ അത്രമാത്രം ഹൃദയവേദന അന്നും ഇന്നും ഉണ്ട്. എന്റെ മകന്റെ വിവാഹത്തിനു വരാന്‍ തീരുമാനിച്ചാണ് അവന്‍ ടിക്കറ്റെടുത്തത്. കൊല്ലപ്പെട്ടപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കണ്ട ആ ട്രെയിന്‍ ടിക്കറ്റ് പൊലീസ് തൊണ്ടിയായി രേഖപ്പെടുത്തിയിരുന്നു. സി.പി.എം കോട്ടയം ജില്ലാ ഘടകത്തില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞതെന്തെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ ആരും ഇതുവരെ ചോദിച്ചില്ലെന്ന് സുരേഷ് കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

Back to top button
error: