CrimeNEWS

മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി; കോഴിക്കോട്ടുനിന്ന് കാണാതായവര്‍ ഗുരുവായൂരില്‍

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ എലത്തൂര്‍ പ്രണവം ഹൗസില്‍ രജിത് കുമാര്‍ (45), ഭാര്യ തുഷാര (38) എന്നിവരെയാണു ഗുരുവായൂരില്‍നിന്നു കണ്ടെത്തിയത്. 20 വര്‍ഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുന്‍പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്താണ്. രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍നിന്നു മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടില്‍ എത്തിയില്ലെന്നു തുഷാരയുടെ സഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കാണാതായതെന്നും പരാതിയിലുണ്ടായിരുന്നു. ഇരുവരുടെയും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നടക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് ട്രെയിനില്‍ ഇവര്‍ ഗുരുവായൂരില്‍ എത്തിയെന്നാണു വിവരം.

Signature-ad

മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതു രജിത് കുമാറിനെയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും തുഷാരയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിനു പിറകെയാണ് ഇരുവരെയും കാണാതായത്.

Back to top button
error: