KeralaNEWS

സമ്മേളനത്തിനു പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ച കേസ് , മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

  തിരുവനന്തപുരം: മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ചെടുത്ത ഫണ്ട് വെട്ടിച്ച കേസിലെ പ്രതി മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളി. മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന മധു പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ചു എന്നായിരുന്നു പരാതി. മധു പിന്നീട് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

മംഗലപുരം പൊലീസ് മധു മുല്ലശ്ശേരിയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധുവിനെതിരെ ചുമത്തിയത്. മംഗലപുരം ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെട്ടു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു, പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സിപിഎം പുറത്താക്കി. ബിജെപിയില്‍ അംഗത്വമെടുത്ത മധു സംസ്ഥാന സമിതിയംഗമാണ്.

Signature-ad

പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയാ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. വീണ്ടും മംഗലപുരം ഏരിയായിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും മംഗലപുരം പൊലീസിലും പരാതി നല്‍കി.

ഏരിയാസമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച് മൂന്നേകാല്‍ ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.
മധു മുല്ലശ്ശേരി ഇപ്പോൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേ സമയം പണവും പാരിതോഷികവും നൽകി പാർട്ടി പദവിയില്‍ തുടരുന്ന വ്യക്തിയാണ്  മധു മുല്ലശേരിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എം.എൽ.എ ആരോപിച്ചിരുന്നു. മധു മുല്ലശേരി തന്നെ കാണാനായി ഒരു പെട്ടി നിറയെ വിദേശ സ്പ്രേകളും വസ്ത്രങ്ങളും 50,000 രൂപയും കൊണ്ടുവന്നിരുന്നു. താനപ്പോൾ തന്നെ പെട്ടിയുമെടുത്ത് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു എന്നും ജോയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: