തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് എസ്.ഐയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പാളയത്താണ് സംഭവം. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. പ്രസൂണ്‍ നമ്പിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പുളിയറക്കോണം വെള്ളൈക്കടവ് തോപ്പുമുക്ക് റിയ നിവാസില്‍ റിതു മാത്യു(29)വിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പുലര്‍ച്ചെ പാളയത്തെത്തിയ റിതു പലതവണ ഇവിടെവെച്ച് ബഹളമുണ്ടാക്കിയിരുന്നു. പോലീസ് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസിന്റെ ബൈക്ക്പട്രോളിങ് സംഘത്തിനുനേരേ റിതു തിരിഞ്ഞപ്പോഴാണ് പ്രസൂണ്‍ തടയാന്‍ ശ്രമിച്ചത്. അപ്പോള്‍ വലതുകൈയിലെ ചൂണ്ടുവിരല്‍ കടിച്ചുമുറിക്കുകയും കാലില്‍ ചവിട്ടി താഴെയിടുകയുമായിരുന്നു. എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ച പ്രസൂണിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
നഗരത്തില്‍ ആഘോഷത്തിന്റെ തിരക്കുകളുണ്ടായിരുന്നെങ്കിലും പൊതുവേ ശാന്തമായിരുന്നു. ചിലയിടങ്ങളില്‍ ചെറിയ വാക്കേറ്റങ്ങളും കൈയേറ്റങ്ങളുമുണ്ടായി. പുലര്‍ച്ചെ മൂന്നുവരെ പല ഭാഗങ്ങളിലും ആഘോഷസംഘങ്ങളുണ്ടായിരുന്നു.
പോലീസ് ശക്തമായ പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖം, കോവളം, മാനവീയം, ലുലുമാള്‍ എന്നിവിടങ്ങളിലാണ് തിരക്ക് കൂടുതലുണ്ടായിരുന്നത്.