ചെന്നൈ: തമിഴ്നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ നാലു പേര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മോക്ഷം പ്രാപിക്കാന്‍ സ്വയം വിഷം കഴിച്ചതാണെന്നാണ് വിവരം. മഹാകാല വ്യാസര്‍ (40), കാമുകി രുക്മിണി പ്രിയ (45), രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ് (12), ജലന്ധരി (17) എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇവരുടെ ഫോണില്‍ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാല്‍ വീണ്ടും തിരുവണ്ണാമലയില്‍ എത്തിയെന്നാണ് ഫോണിലെ വീഡിയോയില്‍ പറയുന്നത്. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം ഉള്ള രുക്മിണി വിവാഹമോചിതയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജില്‍ ഇവര്‍ മുറിയെടുത്തത്. വൈകുന്നേരം ആറ് മണിയോടെ ഒരു ദിവസത്തേക്ക് കൂടി നില്‍ക്കുന്നതായി ലോഡ്ജിലെ അധികൃതരെ ഇവര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ജീവനക്കാര്‍ മുറിയുടെ വാതില്‍ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. വേറെ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നത് ഉള്‍പ്പടെ അന്വേഷിക്കുകയാണ്.