കൊച്ചി: മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അതിഥി തൊഴിലാളികളെ ചൂഷണം ചെയ്ത് സംസ്ഥാനത്ത് വന്‍ സംഘം. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മൃതദേഹം കൊണ്ടുപോകുന്നതിനേക്കാള്‍ ഇരുട്ടിത്തുകയാണ് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ട് മുതലെടുത്താണ് ഈ കൊള്ള. സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരും സ്വകാര്യ ഏജന്‍സികളുടെ മൃതദേഹ കൊള്ളയില്‍ കണ്ണികളാണ്. ഒടുവില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആവാതെ കേരളത്തില്‍ തന്നെ സംസ്‌കരിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു.
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിനുള്ള സ്വകാര്യ ഏജന്‍സികളുടെ കൊള്ളയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ ഒത്താശയുമുണ്ട്. മൃതദേഹം എത്തുമ്പോള്‍ തന്നെ അക്കാര്യം ഏജന്‍സികളെ അറിയിക്കുന്ന ജീവനക്കാരുണ്ട്. ഇങ്ങനെ എത്തുന്ന ഏജന്റുമാര്‍ രേഖകള്‍ വേഗത്തില്‍ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ തുക തൊഴിലാളികളില്‍ നിന്ന് തട്ടുകയും ചെയ്യും.
പശ്ചിമബംഗാള്‍, അസ്സം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെടുന്നവരിലേറെയും. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മൃതദേഹങ്ങള്‍ കയറ്റിയയക്കുമ്പോള്‍ ചിലവാകുന്നത് പശ്ചിമബംഗാളിലേക്ക് 35,000 രൂപ, അസ്സമിലേക്ക് 34,000 രൂപ, ഝാര്‍ഖണ്ഡ് 34,000 രൂപ എന്നിങ്ങനെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലച്ചതോടെയാണ് സ്വകാര്യ ഏജന്‍സികള്‍ സജീവമായത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഇരട്ടിയിലധികമാണ് ഇവര്‍ ഈടാക്കുന്ന തുക.