തിരുവനന്തപുരം: ലോണ്‍ റെഡിയാക്കി തരാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍. ബാങ്ക് ജീവനക്കാരി എന്ന് പറഞ്ഞ് മുദ്രാ ലോണ്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് യുവതി ലക്ഷങ്ങള്‍ തട്ടിയത്. കീഴാറൂര്‍ പമ്മംകോണം സനല്‍ഭവനില്‍ സനിത (31)യെയാണ് കന്റോണ്‍മെന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പലരില്‍ നിന്നായി ലോണിനുള്ള കമ്മിഷനെന്ന പേരിലാണ് ഗൂഗിള്‍ പേ വഴി ഇവര്‍ 4,69,000 രൂപ കൈപ്പറ്റിയത്. ലോണ്‍ ലഭിക്കാതെയായതോടെ പണം നല്‍കിയവര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. എസ് ഐ മാരായ ജിജുകുമാര്‍, സന്ദീപ്, ഗ്രീഷ്മ ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.