തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയിലും പാഠം പഠിക്കാതെ ബിജെപി വീണ്ടും കെ സുരേന്ദ്രന്റെ വഴിയില്‍ തന്നെ നീങ്ങാന്‍ സാധ്യത ഉരുത്തിരിഞ്ഞോടെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തം. സുരേന്ദ്രന് തുടരാന്‍ അവസരം ഒരുക്കുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത എതിര്‍പ്പിലാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് സുരേന്ദ്രന്‍ കസേര സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നത് എന്നാണ് ഇവരുടെ വാദം.
അഞ്ചുവര്‍ഷം പൂര്‍ത്തിയായ സംസ്ഥാന, ജില്ല, മണ്ഡലം പ്രസിഡന്റുമാര്‍ക്ക് സംഘടന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് കെ സുരേന്ദ്രന്‍ തനിക്ക് അനുകൂലമാണെന്ന് വ്യാഖ്യാനിക്കുന്നത്. അതേസമയം ഇത്തരമൊരു നിലപാടിലേക്ക് കേന്ദ്ര നേതൃത്വം എത്തിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സുരേന്ദ്രന് പകരക്കാരനെ കൊണ്ടുവരാന്‍ ചരടുവലിച്ച വിമത വിഭാഗത്തിന് തിരിച്ചടിയാണ് പുതിയ നീക്കങ്ങള്‍.
തന്നെ മാറ്റുന്നതുവരെ അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് കെ. സുരേന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് അനുസരിച്ചു ചരടുവലികളും അദ്ദേഹം നടത്തിയതായാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഓണ്‍ലൈന്‍ യോഗത്തില്‍ ബി.ജെ.പി കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വിശദീകരിച്ചത്. ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കെ. സുരേന്ദ്രനെ പിന്തുണക്കുന്നവരാണ്.
ആ സാഹചര്യത്തില്‍ സുരേന്ദ്രന്‍ തുടരുന്നതിനോട് വലിയ എതിര്‍പ്പുണ്ടാകില്ലെന്ന് ഔദ്യോഗികപക്ഷം കരുതുന്നു. മൂന്നുവര്‍ഷത്തെ കാലാവധിക്ക് ശേഷം ലഭിച്ച രണ്ട് വര്‍ഷം രണ്ടാംടേമായി കാണാനാകില്ലെന്ന് നിരീക്ഷക വ്യക്തമാക്കിയതും സുരേന്ദ്രന് അനുകൂലമാണ്. എന്നാല്‍, ഈ നീക്കത്തില്‍ വിമതവിഭാഗം കടുത്ത നീരസത്തിലാണ്.
വീണ്ടും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നത് പാര്‍ട്ടിയെ നയിക്കാന്‍ കേരളത്തില്‍ മറ്റാരുമില്ലെന്ന തോന്നല്‍ സൃഷ്ടിക്കുമെന്നാണ് അവരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അവര്‍ എതിര്‍പ്പ് അറിയിച്ചു. ചില നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതായും പറയുന്നു.
അഞ്ച് വര്‍ഷം പൂര്‍ത്തിയായ സംസ്ഥാന, ജില്ലാ, മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഇത് ബാധകമാണ്. ഇതോടെ കൃഷ്ണദാസ് പക്ഷത്തിന് അപകടം മണത്തു. കൃഷ്ണദാസും എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, ജി കാശിനാഥന്‍ തുടങ്ങിയ നേതാക്കളും യോഗം ബഹിഷ്‌കരിച്ചു. കേന്ദ്രത്തിലെ ചിലരുടെ ഒത്താശയില്‍ സുരേന്ദ്രന്‍ തുടരുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യില്ലെന്ന നിലപാടിലാണ് ഇവര്‍.
കെ. സുരേന്ദ്രന്‍ തുടരുന്നതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. എം.ടി. രമേശിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കൃഷ്ണദാസ് വിഭാഗം നീക്കങ്ങള്‍ നടത്തിയത്. ആ നീക്കത്തിനാണ് തിരിച്ചടിയായത്. കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായ കാലാവധി രണ്ട് ടേമായി കണക്കാക്കാനാകില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നുമാണ് വാനതി ശ്രീനിവാസന്‍ അറിയിച്ചത്. 2020 തുടക്കം മുതല്‍ സുരേന്ദ്രന്‍ പ്രസിഡന്റാണെന്നും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത് രണ്ട് ടേമായി കാണാനാകില്ലെന്ന നിലപാട് ശരിയല്ലെന്നുമാണ് മറുപക്ഷത്തിന്റെ വാദം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലടക്കം വോട്ട് കുറയുകയും പ്രധാനപ്പെട്ട നേതാക്കളടക്കം പാര്‍ട്ടി വിടുകയും ചെയ്യുന്ന ഘട്ടത്തില്‍ സുരേന്ദ്രന് ഇളവ് ആവശ്യമില്ലെന്നാണ് അവരുടെ നിലപാട്. കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശ പ്രകാരം അഞ്ച് വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ മണ്ഡലം,ജില്ലാ ഭാരവാഹികള്‍ക്കും ഇളവ് പ്രയോജനപ്പെടും. സംസ്ഥാനത്ത് റവന്യു ജില്ലാ അടിസ്ഥാനത്തിനുള്ള സംഘടനാ സംവിധാനത്തിന് മാറ്റം വരുത്തി ഓരോ ജില്ലയെയും രണ്ടും മൂന്നുമായി വിഭജിച്ച് ജില്ലാ സമിതികളുടെ എണ്ണം 30 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് 14ന് പകരം 30 ജില്ലാ പ്രസിഡന്റുമാര്‍ വരും. കെ.സുരേന്ദ്രന്‍ പ്രസിഡന്റായതിന് ശേഷം സംസ്ഥാനത്ത് പാര്‍ട്ടിക്ക് വന്‍ കുതിപ്പുണ്ടായെന്നാണ് കേന്ദ്ര നേതൃത്വത്തെ വിശ്വസിപ്പിച്ചിരിക്കുന്നത്. ഒരു പാര്‍ലമെന്റംഗത്തെ വിജയിപ്പിക്കാനായി. പാലക്കാട്, ആറ്റിങ്ങല്‍, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വന്‍ നേട്ടമുണ്ടാക്കാനും 11നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനും കഴിഞ്ഞു.15ലേറെ നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. ഇത് ബി.ജെ.പിക്ക് വന്‍ ആത്മവിശ്വാസമാണ് നല്‍കിയത്. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് വഴക്കുകള്‍ ഒഴിവാക്കാനും ആര്‍.എസ്.എസുമായി യോജിച്ച് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനും സുരേന്ദ്രന് കഴിഞ്ഞു കേന്ദ്രത്തെ സുരേന്ദ്രന് വിഭാഗം ധരിപ്പിച്ചിരിക്കുന്നത്.