HealthNEWS

ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട; സൂചിയില്ലാ സിറിഞ്ചുമായി ഐഐടി ബോംബെ

മുംബൈ: സൂചിയെ പേടിയുള്ളവര്‍ക്ക് ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് കണ്ടുപിടിച്ച് ഐഐടി ബോംബെ. ഷോക്ക് സിറിഞ്ച് എന്ന് അറിയപ്പെടുന്ന ഇവ തൊലിക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല. എയറോസ്പേസ് എന്‍ജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്.

സാധാരണ സൂചിപോലെ ഷോക്ക് സിറിഞ്ച് ശരീരത്തിലേക്ക് മുറിവുണ്ടാക്കി കടക്കുകയില്ല. പകരം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഊര്‍ജ സമ്മര്‍ദതരംഗങ്ങളിലൂടെയാണ് സിറിഞ്ചിലുള്ള മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇവ ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്. എന്നാല്‍ അത് തലമുടിയുടെ വീതിയോളം മാത്രമാണ്.

Signature-ad

സാധാരണ ബോള്‍ പോയിന്റ് പേനയേക്കാള്‍ അല്പംകൂടി നീളം കൂടിയതാണ് പുതിയ സിറിഞ്ച്. സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മര്‍ദമേറിയ നൈട്രജന്‍ വാതകമാണ് ഉപയോഗിക്കുന്നത്. സമ്മര്‍ദത്തിലൂടെ മരുന്ന് ശരീരത്തിലേക്ക് കയറുമ്പോള്‍ കുത്തിവെച്ചതായി രോഗി അറിയുന്നില്ല. ഇത് സൂചിയുള്ള സിറിഞ്ചിനേക്കാള്‍ ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു.

ശരീരത്തില്‍ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി എന്നിവ എലികളിലാണ് പരീക്ഷിച്ചത്. അവയില്‍ സാധാരണ സിറിഞ്ച് ഉപയോഗിക്കുന്ന അതേ അവസ്ഥയാണ് ഷോക്ക് സിറിഞ്ചുണ്ടാക്കിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് വേഗത്തിലും കാര്യക്ഷമമായും എടുക്കാന്‍ കഴിയും. എന്നാല്‍ ഇത് പെട്ടെന്ന് വിപണിയിലേക്കെത്താന്‍ സാധ്യതയില്ലെന്നും മനുഷ്യരില്‍ പരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു. വില, മരുന്ന് വിതരണം എന്നിവയെക്കൂടി ആശ്രയിച്ചായിരിക്കും ഷോക്ക് സിറിഞ്ചുകളുടെ ക്ലിനിക്കല്‍ ഉപയോഗ സാധ്യത.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: