പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. 4 പേരെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയില്‍ ഷെറിന്‍ (28), മീന്‍ചിറപ്പാട്ട് വീട്ടില്‍ ബിബിന്‍ (30), കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയില്‍ കുറ്റിയില്‍ അനന്തു (25), അജിന്‍ (20)എന്നിവരാണ് പിടിയിലായത്. കുമ്പനാട് വച്ചാണ് സംഭവം. ഇലന്തൂര്‍ നെല്ലിക്കാല കല്ലുകാലായില്‍ വീട്ടില്‍ നിന്നും കോയിപ്രം നെല്ലിക്കാല കരിയില മുക്ക് സയണ്‍വില്ല എം.എസ്.മിഥിനും സംഘത്തിനുമാണ് മര്‍ദനമേറ്റത്.
മിഥിന്റെ നേതൃത്വത്തില്‍ കരോള്‍ നടത്തി ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കുമ്പനാട് ബേക്ക് വേള്‍ഡ് എന്ന ബേക്കറിയുടെ മുന്‍വശത്ത് വച്ച് പതിനഞ്ചോളം വരുന്ന സംഘം മിഥിനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പ്രശ്നം സംസാരിച്ച് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോള്‍, കരോള്‍ സംഘത്തിലെ ഏറ്റവും പിന്നില്‍ ഉണ്ടായിരുന്ന ആളുകളുമായി പ്രതികള്‍ ബഹളം ഉണ്ടാക്കുന്നത് കേട്ട്, മിഥിനും കൂട്ടുകാരും അവിടേക്കെത്തി.
കാര്യം അന്വേഷിച്ച മിഥിനെ ഒന്നാംപ്രതി മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടി തടഞ്ഞപ്പോള്‍ വലതു കൈയുടെ വിരലിന് പരുക്കേറ്റു. തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദനം തുടങ്ങി. എബ്രഹാം ജോര്‍ജ്, ഭാര്യ ഷൈനി ജോര്‍ജ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ഷൈനി ജോര്‍ജിനെ പ്രതികള്‍ കയ്യേറ്റം ചെയ്തു. തടസം പിടിച്ച ജോണ്‍സണ്‍ എന്നയാള്‍ക്കും മര്‍ദ്ദനമേറ്റു.
കരോള്‍ സംഘത്തിലെ അംഗങ്ങള്‍ വീടുകളിലേക്ക് ഭയന്ന് ഓടിക്കയറിയപ്പോള്‍, പ്രതികള്‍ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മിഥിന്റെ പരാതി പ്രകാരം കേസെടുത്ത കോയിപ്രം പോലീസ് ഉടനടി നാലു പ്രതികളെ വീടുകളുടെ സമീപത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു. തിരുവല്ല ഡിവൈ.എസ്.പി എസ് ആഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയത്. എസ് ഐ ജി ഗോപകുമാര്‍ , ഗ്രേഡ് എസ് ഐ ഷൈജു, എസ് സി പി ഓ സുരേഷ്, സി പി ഓമാരായ മനൂപ്, സുജിത് എന്നവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.