KeralaNEWS

‘ഇ.പിയെ മാറ്റിയത് പ്രവര്‍ത്തനത്തിലെ പോരായ്മ കൊണ്ട്; തള്ളിപ്പറഞ്ഞ് ഗോവിന്ദന്‍

തിരുവനന്തപുരം: ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവര്‍ത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇ.പിയുടെ പ്രവര്‍ത്തനത്തില്‍ നേരത്തെ പോരായ്മയുണ്ടായിരുന്നു. പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാര്‍ട്ടി നടത്തി. എന്നാല്‍ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങള്‍ ഉണ്ടാക്കി. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയില്‍ നിന്നു മാറ്റിയതെന്നും എം.വി.ഗോവിന്ദന്‍ ജില്ലാ സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിലുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

തെറ്റു തിരുത്തല്‍ രേഖ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലായില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. തെറ്റു തിരുത്തല്‍ രേഖ നടപ്പിലായിരുന്നെങ്കില്‍ മധു മുല്ലശേരിമാര്‍ ഉണ്ടാകുമായിരുന്നില്ല. മധു മുല്ലശേരി നേതാക്കളെ ടൂര്‍ കൊണ്ടുപോയിരുന്നത് രണ്ടു തരത്തിലാണ്. മദ്യപിക്കുന്ന നേതാക്കള്‍ക്ക് ഒരു തരം ടൂര്‍. മദ്യപിക്കാത്ത നേതാക്കള്‍ക്ക് വേറെ ടൂര്‍. പുതിയ ജില്ലാ സെക്രട്ടറിയെ കാണാന്‍ മധു എത്തിയത് പണപ്പെട്ടിയുമായാണ്.

Signature-ad

പണപ്പെട്ടിയില്‍ മണക്കുന്ന സ്‌പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളും ഉണ്ടായിരുന്നു. മധു ലോഡ്ജ് നടത്തുന്നതും നല്ല രീതിയില്‍ അല്ല. ഇതൊക്കെ പാര്‍ട്ടി നേതൃത്വം അറിയാത്തത് ഗൗരവതരമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരിയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയിരുന്നു. മധു മുല്ലശേരി പിന്നീട് ബിജെപിയില്‍ അംഗത്വമെടുത്തു.

സമ്മേളനം വി.ജോയിയെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. എസ്എഫ്ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ ജോയ് രണ്ടു തവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ്. ജില്ലാ കമ്മിറ്റിയില്‍ 8 പുതുമുഖങ്ങളുണ്ട്. എംഎല്‍എമാരായ ജി.സ്റ്റീഫന്‍, വി.കെ.പ്രശാന്ത്, ഒ.എസ്.അംബിക, മേയര്‍ ആര്യ രാജേന്ദ്രന്‍, ആര്‍.പി. ശിവജി, ഷീജ സുദേവ്, വി.അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ എത്തിയത്.

Back to top button
error: