CrimeNEWS

മകള്‍ ഉണരുന്നില്ലെന്ന് പറഞ്ഞ് അനീഷ നിലവിളിച്ചു, അവള്‍ മക്കളെ തല്ലാറുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഭര്‍ത്താവ്

എറണാകുളം: കോതമംഗലത്തെ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി കുട്ടിയുടെ പിതാവും ഉത്തര്‍പ്രദേശ് സ്വദേശിയുമായ അജാസ് ഖാന്‍. രണ്ടാം ഭാര്യ അനീഷ കുട്ടികളെ തല്ലാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു. ഇനി തല്ലരുതെന്ന് അനീഷയോട് പറഞ്ഞു. എന്നാല്‍ മകളെ കൊല്ലുമെന്ന് കരുതിയില്ലെന്നും അജാസ് ഖാന്‍ വ്യക്തമാക്കി.

അജാസ് ഖാന്റെ ആദ്യ ഭാര്യയിലുണ്ടായ മകള്‍ മുസ്‌കാനെയാണ് (ആറ്) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനമ്മ അനീഷ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

Signature-ad

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.അന്ന് പത്തരയോടെ താന്‍ വീട്ടിലെത്തിയിരുന്നെന്ന് അജാസ് ഖാന്‍ പറഞ്ഞു. എന്നാല്‍ അപ്പോള്‍ സംശയമൊന്നും തോന്നിയില്ല. വീണ്ടും ജോലിക്ക് പോയി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിരിച്ചെത്തിയത്. മകള്‍ ഉറങ്ങുകയാണെന്നായിരുന്നു കരുതിയത്. രാവിലെ കുഞ്ഞ് ഉണരുന്നില്ലെന്ന് പറഞ്ഞ് അനീഷ നിലവിളിക്കുകയായിരുന്നുവെന്ന് അജാസ് ഖാന്‍ പറഞ്ഞു.

സ്വന്തം മക്കളുടെ ഭാവിക്ക് ഭര്‍ത്താവ് അജാസ് ഖാന്റെ മകള്‍ മുസ്‌കാന്‍ ഭീഷണിയാകുമെന്ന ആശങ്കയാണ് അനീഷയെ കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യ ഭാര്യയുമായി ഭര്‍ത്താവ് വീണ്ടും അടുക്കുന്നതായുള്ള ചിന്തയും അരുംകൊലയ്ക്ക് കാരണമായി.

ദുര്‍മന്ത്രവാദത്തിന് അടിമയായ അനീഷ ദേഹത്ത് ജിന്ന് കൂടിയെന്ന് വിശ്വസിച്ചിരുന്നു. യുവതി മൂന്നുമാസം ഗര്‍ഭിണിയാണ്. ഇത് ചോദ്യം ചെയ്യലിന് വെല്ലുവിളിയായി. തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പി ഡോ.വൈഭവ് സക്സേന മന്ത്രവാദി നൗഷാദിനെ കസ്റ്റഡിയില്‍ എടുത്ത് അയാളെക്കൊണ്ട് വ്യാജപൂജ നടത്തിച്ച് അനീഷയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

മന്ത്രവാദി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ അനീഷയുടെ സംസാരരീതി മാറി. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതടക്കം വെളിപ്പെടുത്തി. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം, ബാധ ഒഴിഞ്ഞെന്ന് ദുര്‍മന്ത്രവാദി പറഞ്ഞതോടെ അവര്‍ പഴയ അവസ്ഥയിലെത്തി. തുടര്‍ന്ന് അനീഷയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധിച്ചെങ്കിലും കുഴപ്പങ്ങളൊന്നും ഇല്ലെന്നായിരുന്നു ഡോക്ടറുടെ റിപ്പോര്‍ട്ട്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.

അജാസ് ഖാന് കൊലപാതകത്തില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഉത്തര്‍പ്രദേശുകാരിയായ ആദ്യ ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ശേഷമാണ് അതേ നാട്ടുകാരിയായ അനീഷയ്ക്കൊപ്പം അഞ്ചു മാസം മുമ്പ് ജീവിതം തുടങ്ങിയത്.

 

Back to top button
error: