CrimeNEWS

വീട്ടില്‍ വരുന്നത് എതിര്‍ത്ത യുവതിയെ വനിതാ എസ്.ഐ മര്‍ദ്ദിച്ചു, ഭര്‍ത്താവായ എസ്.ഐക്കെതിരെയും പരാതി

കൊല്ലം: വനിതാ എസ്ഐ മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി. കൊല്ലം പരവൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ വനിതാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. പരാതിയില്‍ യുവതിയുടെ ഭര്‍ത്താവായ എസ്ഐ, ഭര്‍തൃവീട്ടുകാര്‍ എന്നിവര്‍ക്കെതിരായും കേസ് എടുത്തിട്ടുണ്ട്.

വര്‍ക്കല എസ്ഐ അഭിഷേക്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ആശ എന്നിവര്‍ക്കെതിരായാണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്. ഭര്‍ത്താവുമായി താമസിച്ചിരുന്ന വീട്ടില്‍വച്ച് വനിതാ എസ്ഐ മര്‍ദ്ദിച്ചെന്നാണ് പരാതിയിലുള്ളത്. ആശ വീട്ടില്‍ വരുന്നത് യുവതി എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണം. വീട്ടില്‍ക്കയറി മര്‍ദ്ദിച്ചിട്ടും സംഭവസമയം അവിടെയുണ്ടായിരുന്ന ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും നോക്കിനിന്നുവെന്നും യുവതി ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Signature-ad

തനിക്ക് ആപത്ത് വരുമെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് യുവതി പറയുന്നത്. തന്റെ അച്ഛനെയും അനുജത്തിയെയും കള്ളക്കേസില്‍ കുടുക്കി തന്റെ ജീവിതം നശിപ്പിക്കുമെന്നും ഭയന്നു. 100 പവന്‍ സ്വര്‍ണവും അഞ്ചുലക്ഷം രൂപയും കാറുമാണ് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയത്. ഇപ്പോഴത്തെ വീടും അച്ഛന്‍ വാങ്ങി നല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് പറയുന്നത് തന്നെക്കാള്‍ നല്ല പെണ്ണിനെ കിട്ടുമായിരുന്നു എന്നാണ്. വലിയ വീട്ടില്‍ നിന്ന് ജോലിയുള്ള പെണ്ണിനെ കിട്ടുമായിരുന്നു എന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: