NEWSWorld

ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ 12 പേര്‍ മരിച്ച നിലയില്‍: കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് സംശയം

റ്റ്ബിലിസി: ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ 12 പേര്‍ മരിച്ച നിലയില്‍. ഗുഡൗരിയിലെ പ്രശസ്തമായ സ്‌കീ റിസോട്ടിലെ ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ രണ്ടാം നിലയിലെ മുറികളിലാണ് 12 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ജോര്‍ജിയന്‍ പൊലീസ് അറിയിച്ചു.

മരിച്ചവരില്‍ 11 പേര്‍ വിദേശ പൗരന്മാരും ഒരാള്‍ ജോര്‍ജിയന്‍ പൗരനുമാണ്. ഇവര്‍ റെസ്റ്റോറന്റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതില്‍ നിന്നാവാം കാര്‍ബണ്‍ മോണോക്സൈഡ് വമിച്ചതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Signature-ad

മരണകാരണം കൃത്യമായി കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടുണ്ട്. ”മരണത്തിന്റെ കൃത്യമായ കാരണം നിര്‍ണയിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ക്കും ഫോറന്‍സിക്, മെഡിക്കല്‍ വിശകലനത്തിനും ഉത്തരവിട്ടിട്ടുണ്ട്,” ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്.

മനഃപൂര്‍വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടിലധികം പേര്‍ മരിച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടില്ല.

 

Back to top button
error: