പാലക്കാട്: ഇനി മണവാട്ടിയാവാന്‍ ഒരിക്കലും ആയിഷ വരില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കൂട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും ആവുന്നില്ല. രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സ്കൂള്‍ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്നു പനയമ്പാടം അപകടത്തില്‍ മരിച്ച ആയിഷ. ഏറ്റവും ഒടുവില്‍ ശ്രീകൃഷ്ണപുരത്തുവച്ചുനടന്ന പാലക്കാട് ജില്ലാ യുവജനോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. കലയ്ക്കൊപ്പം പഠനത്തിലും മിടുക്കിയായിരുന്നു. ദുരന്തവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ അദ്ധ്യാപകര്‍ക്ക് ചേതനയറ്റുകിടക്കുന്ന ആയിഷയുടെയും കൂട്ടുകാരികളുടെയും മൃതദേഹങ്ങള്‍ കാണാന്‍ മനക്കരുത്തുണ്ടായിരുന്നില്ല. അദ്ധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍ത്തലച്ച് നിലവിളിക്കുകയായിരുന്നു. അവരെ സമാധാനിപ്പിക്കാന്‍ ചുറ്റുമുണ്ടായിരുന്നു ആര്‍ക്കും കഴിഞ്ഞില്ല.
വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവര്‍ സ്ഥലത്തുണ്ട്. പത്തരയോടെ തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.
ചെറുള്ളി സ്വദേശികളായ അബ്ദുള്‍ സലാമിന്റെ മകള്‍ പി.എ.ഇര്‍ഫാന ഷെറിന്, അബ്ദുള്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീമിന്റെ മകള്‍ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആറരയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്.
രണ്ട് മണിക്കൂര്‍ വീടുകളില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനമുണ്ടാകില്ല.
സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണിവര്‍. കൂടെയുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ കരിമ്പ, പനയമ്പാടത്തായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസര്‍കോട് സ്വദേശികളായ ലോറി ഡ്രൈവര്‍ മഹേന്ദ്രപ്രസാദ്,? ക്ലീനര്‍ വര്‍ഗീസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.