സ്വകാര്യ വാഹനം പണത്തിനോ ഫ്രീയായോ മറ്റൊരാള്‍ക്ക് ഓടിക്കാൻ നല്‍കുന്നത് നിയമവിരുദ്ധമെന്ന ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച് നാഗരാജു. ഒരാളുടെ വാഹനം മറ്റൊരാളുടെ കൈവശം കണ്ടാല്‍ അത് സാമ്പത്തിക ലാഭത്തിന് കൈമാറി എന്ന നിഗമനത്തിലെത്തുമെന്നാണ് കമ്മീഷണർ ആലപ്പുഴയില്‍ പറഞ്ഞത്. അങ്ങനെയുള്ളവർക്കെതിരേ അനുമതിയില്ലാതെ വാടകയ്‌ക്ക് നല്‍കിയെന്ന കുറ്റം ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍ നാഗരാജുവിന്റെ പ്രസ്താവനയില്‍ അടിമുടി ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. ഗതാഗത കമ്മീഷണറുടെ ഈ വികല വാദം പ്രവാസികള്‍ ഏറെയുള്ള കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
സ്വന്തം പേരിലെടുത്ത വാഹനം ഡ്രൈവറെ വച്ച് ഓടിക്കുന്നവർക്കും ബന്ധുക്കളെ ഉപയോഗിച്ച് ഓടിക്കുന്നവർക്കുമെല്ലാം ഇനി മുതല്‍ കുറ്റം ചുമത്തപ്പെടുമോ എന്ന ആശങ്കയുമുണ്ട്. വെള്ള ബോർഡ് വച്ച് റെന്റ് എ കാർ നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് കമ്മീഷണർ പറയുന്നത്. ഒരാളുടെ ആവശ്യത്തിന് വാങ്ങുന്ന വാഹനം ഫ്രീ ആയോ അല്ലാതെയോ മറ്റൊരാള്‍ക്ക് നല്‍കാനാവില്ലെന്നാണ് നിയമം എന്നും നാഗരാജു പറയുന്നു.
നിങ്ങള്‍ക്ക് സ്വന്തമായി ഒരു വാഹനം ഇല്ലെങ്കില്‍ ടാക്സിയോ റെന്റ് എ കാറോ മാത്രം ഉപയോഗിച്ചാലേ നിയമസംരക്ഷണം ഉറപ്പുവരുത്താനാവൂ എന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.