കൈ നിറയെ പണം, സൗകര്യങ്ങൾ, ആഡംബര ജീവിതം. പക്ഷേ ഉള്ളിലൊരു സന്തോഷം തോന്നുന്നില്ലെങ്കിൽ പിന്നെന്തു കാര്യം? ഇത്തരം മാനസികാവസ്ഥ അനുഭവിക്കുന്നവർ ഒരു പക്ഷേ വളരെ വിരളമായിരിക്കും. എന്നാൽ ബെംഗളൂരു സ്വദേശിയായ 30 കാരൻ വരുൺ ഹസിജക്ക് ഈ ആർഭാട ജീവിതം സന്തോഷം നൽകിയില്ല. അതുകൊണ്ടു തന്നെ ഒരു കോടി രൂപ ശമ്പളമുള്ള തൻ്റെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം.
എഞ്ചിനീയറിങ് രംഗത്ത് 10 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള വരുണ്‍ ജോലി വേണ്ടന്നു വച്ച കാര്യം തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
എക്സിലെ പോസ്റ്റിൽ യുവാവ് പറയുന്നത് ഇങ്ങനെയാണ്:
“കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന് ഞാൻ എടുത്തു. കൈയിൽ മറ്റൊരു ഓഫറും ഇല്ലാതെ എൻ്റെ സുഖകരമായ, ഉയർന്ന ശമ്പളമുള്ള (₹1 കോടി +) ജോലി ഞാൻ ഉപേക്ഷിച്ചു. ഭാവി പദ്ധതികളൊന്നുമില്ല, ലക്ഷ്യങ്ങളുമില്ല. ഒരു പതിറ്റാണ്ട് നീണ്ട കരിയറിൽ ആദ്യമായി എനിക്ക് ഒരു ഇടവേള ആവശ്യമാണ് എന്ന തീരുമാനം ഇന്ന് യാഥാർഥ്യമാകുന്നു.”
യുവാവ് കുറിച്ചു.
ജോലി രാജിവെച്ചതുമായി ബന്ധപ്പെട്ട് 2 കാരണങ്ങളാണ് വരുൺ ഹസിജ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
1. നിലവിലെ ജോലിയിൽ തനിക്ക് സന്തോഷം കണ്ടെത്താനാവുന്നില്ല.
2. ഈ ജോലിയിലൂടെ താൻ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നതായി തോന്നുന്നില്ല. തുടർന്ന്, ‘ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. വർഷങ്ങളായി, എവിടെ ജോലി ചെയ്യണമെന്നും ഏതൊക്കെ റോളുകൾ ഏറ്റെടുക്കണമെന്നും തെരഞ്ഞെടുക്കണമെന്നതിനുമുള്ള ഘടനാപരമായ ഒരു ചട്ടക്കൂട് താൻ പിന്തുടർന്നിരുന്ന’തായും അദ്ദേഹം വ്യക്തമാക്കുന്നു.