CrimeNEWS

ഗഫൂർ ഹാജിയെ കൊന്നത്  596 പവൻ സ്വർണം തട്ടിഎടുക്കാൻ: മന്ത്രവാദിനിയായ  യുവതിയും ഭർത്താവും 2 സ്ത്രീകളും  അറസ്റ്റിൽ, കൊലയാളികളെ കണ്ട് ഭാര്യ പൊട്ടിക്കരഞ്ഞു

  പ്രവാസി വ്യവസായി എം സി അബ്ദുല്‍ ഗഫൂർ ഹാജി ( 55) യുടെ ദുരൂഹ മരണം കൊലപാതകം എന്നു തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ യുവതിയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിൻ്റെ ഭാര്യയുമായ മന്ത്രവാദിനി ഷമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി ആയിഷ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസൺൻ്റെയും ബേക്കല്‍ ഇൻസ്പെക്ടർ കെ പി ഷൈൻ്റെയും നേതൃത്വത്തിലുള്ള 11 അംഗ പൊലീസ് ടീം അറസ്റ്റ് ചെയ്തത്.

Signature-ad

സ്വർണ്ണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ 596 പവൻ സ്വർണ്ണമാണ് സംഘം തട്ടിയത്.

ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീമയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസം കൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതും സംശയത്തിന് ആക്കംകൂട്ടി.

ഗൾഫില്‍ നിരവധി സൂപ്പർ മാർക്കറ്റുകളും മറ്റ് ബിസിനസുകളും ഉള്ള ഗഫൂര്‍ ഹാജിയെ 2023 ഏപ്രില്‍ 14നാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന ധാരണയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ഖബറടക്കി. ഗഫൂര്‍ ഹാജി വായ്പയായി വാങ്ങിയ സ്വര്‍ണാഭരണങ്ങളെ കുറിച്ച് ബന്ധുക്കള്‍ അന്വേഷിച്ചതോടെ കുടുംബം വീട്ടില്‍ പരിശോധന നടത്തി.

ഇതില്‍ നിന്ന് 596 പവന്‍ സ്വര്‍ണം  നഷ്ടപ്പെട്ടു എന്ന് മനസിലായി. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 27ന് ബേക്കല്‍ പോലിസ് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.

വീട്ടില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം പ്രതികള്‍ ഗഫൂര്‍ ഹാജിയെ തലക്കടിച്ച് കൊന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിത്. മന്ത്രവാദവും കൂടോത്രം കുഴിച്ചെടുക്കലും മന്ത്രത്തകിട് കെട്ടുന്നതുമൊക്കെ നടത്തിയത്  പാതിരാത്രിയാണെന്നും  പൊലിസ് കണ്ടെത്തി. മലയാളം സംസാരിക്കുന്ന കര്‍ണാടകക്കാരി  പാത്തുട്ടി എന്ന പെണ്‍കുട്ടിയുടെ ആത്മാവ് പ്രവേശിച്ച് ഷമീമ ഉറഞ്ഞു തുള്ളി പരിഹാരക്രിയകള്‍ നിര്‍ദേശിക്കും എന്നാണ് പറയപ്പെടുന്നത്.

ഗഫൂര്‍ ഹാജിയും യുവതിയും തമ്മില്‍ കൈമാറിയ വാട്‌സ് ആപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഗഫൂര്‍ ഹാജിയില്‍ നിന്നും യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കൈപ്പറ്റിയതിന്റെ രേഖകളും ശേഖരിച്ചു. സ്വര്‍ണ നിറമുള്ള ഈയ്യ കടലാസിലെഴുതിയ ആഭിചാര തകിടിന് ഈ സംഘം 55,000 രൂപയാണ് ഈടാക്കിയിരുന്നത്.

എന്തായാലും മന്ത്രവാദിയില്‍ നിന്നും മറ്റു പ്രതികളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് നേരത്തെ തന്നെ ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും പോലിസ് പറഞ്ഞു.  യുവാവിനെ ഹണിട്രാപില്‍ പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം യുവതിയും ഭര്‍ത്താവും റിമാന്‍ഡിലായിരുന്നു. ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിലും യുവതി നേരത്തേ റിമാന്‍ഡിലായിരുന്നു.

  അബ്ദുല്‍ ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രവാദിനി  ഷമീമയെയും ഭർത്താവ് ഉബൈസിനെയും മറ്റും ആദ്യം സ്വർണം വിൽപന നടത്തിയ കാസർകോട്ടെ സ്വർണക്കടയിലും  പിന്നാട് വൈകീട്ടോടെ ഗഫൂർ ഹാജിയുടെ വീട്ടിലും എത്തിച്ച്  തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പിന്റെ ഭാഗമായി ഗഫൂർ ഹാജിയുടെ ഭാര്യയെ പൊലീസ് വിളിച്ചപ്പോൾ പ്രതികൾക്ക് മുന്നിൽ അവർ പൊട്ടിക്കരഞ്ഞത് നാടകീയ രംഗങ്ങൾക്ക് കാരണമായി. ഗഫൂർ ഹാജിയുടെ മക്കളും ബന്ധുക്കളും അടക്കം നിരവധി പേർ വീട്ടിനകത്ത് ഉണ്ടായിരുന്നു.

തെളിവെടുപ്പ് കഴിഞ്ഞ് തിരിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്ന് പ്രതികൾക്ക് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: