ജ്യോതികയെ വിറപ്പിച്ച സ്റ്റൈലന്‍ വില്ലത്തി, രാക്കിളിപ്പാട്ടിലെ ‘ഗീത’യെന്ന ഇഷിതയുടെ വിശേഷങ്ങള്‍!
ജ്യോതികയും ഷര്‍ബാനി മുഖര്‍ജിയും തബുവും കെപിഎസി ലളിതയും സുകുമാരിയുമെല്ലാം തകര്‍ത്ത് അഭിനയിച്ച സിനിമയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട്. സാമൂഹിക പ്രസക്തിയില്‍ നിന്ന് മാറി പെണ്‍ സൗഹൃദങ്ങളുടെ രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോയ സിനിമയായിട്ടാണ് രാക്കിളിപ്പാട്ടിനെ പ്രേക്ഷകര്‍ കാണുന്നത്. കാമ്പസ് സൗഹൃദങ്ങള്‍ ജീവിതത്തിലെന്നും ഒരു മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞുവെക്കുന്ന സിനിമ.
ജോസഫൈനും രാധികയും അവരുടെ ഗ്യാങ്ങിന്റെ ഹോസ്റ്റലിലേയും കോളേജിലേയും തമാശകള്‍, ആഘോഷങ്ങള്‍ എതിര്‍ ഗ്യാങ്ങുമായിട്ടുള്ള പോരുകള്‍ എല്ലാം സ്ത്രീ സൗഹൃദങ്ങള്‍ അതികം കാണാത്ത സിനിമാ കഥകളില്‍ പുതിയ അനുഭവം സമ്മാനിക്കുന്ന ഒന്നായിരുന്നു. സ്ത്രീകളുടെ സൗഹൃദം കുടുംബജീവിതത്തിലേക്ക് കടക്കുന്നതോടെ അറ്റുപോകുമെന്ന നിരാശാജനകമായ വസ്തുത സിനിമയിലെ ഒരു ഡയലോഗിലൂടെ പറയുന്നുണ്ട്.
എന്നാല്‍ അങ്ങനെ അറ്റുപോകാന്‍ പാടില്ലായെന്നും ഏത് സാഹചര്യത്തിലും ഒപ്പം നില്‍ക്കുന്ന കൂട്ടുകാരികളെ ചേര്‍ത്ത് പിടിക്കണമെന്നും സിനിമ ഒടുവില്‍ പറഞ്ഞ് വെക്കുന്നു. ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് റിപ്പീറ്റ് അടിച്ച് കാണുന്ന സിനിമകളില്‍ ഒന്ന് കൂടിയാണ് രാക്കിളിപ്പാട്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു.
സിനിമയില്‍ നായികമാരായി എത്തിയ ജ്യോതികയേയും ഷര്‍ബാനി മുഖര്‍ജിയേയും പോലെ തന്നെ ചിത്രത്തിലെ വില്ലത്തി ഗീതയായി എത്തിയ നടി ഇഷിത അരുണിനും ആരാധകര്‍ ഏറെയുണ്ട്. മാസും സ്റ്റൈലും കോര്‍ത്തിണക്കി മികച്ച പ്രകടനാണ് ഇഷിത രാക്കിളിപ്പാട്ടില്‍ കാഴ്ചവെച്ചത്.
നടി എന്നതിലുപരിയായി എഴുത്തുകാരിയും മോഡലും വിജെയും നിര്‍മ്മാതാവുമെല്ലാമാണ് ഇഷിത. രാക്കിളിപ്പാട്ടില്‍ വില്ലത്തി റോള്‍ ചെയ്തുകൊണ്ടാണ് ഇഷിത അഭിനയത്തിലേക്ക് അരങ്ങേറിയത്. രാക്കിളിപ്പാട്ട് തമിഴില്‍ സ്നേഗിതിയേ എന്ന പേരിലും റിലീസ് ചെയ്തിരുന്നു.
പിന്നീട് കഹാന്‍ ഹോ തും, ഗുഡ് ബാഡ് ഗേള്‍, റാണാ നായിഡു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ദി മര്‍ച്ചന്റ്സ് ഓഫ് ബോളിവുഡ്, ഗൂഞ്ച്, മുംബൈ ടാക്കീസ്, മരീചിക തുടങ്ങിയ ഒന്നിലധികം നാടകങ്ങളിലും ഇഷിത അഭിനയിച്ചു. നടിയും ടെലിവിഷന്‍ പേഴ്സണാലിറ്റിയും രാജസ്ഥാനി നാടോടി-പോപ്പ് ഗായികയുമായ ഇല അരുണിന്റെ മകള്‍ കൂടിയാണ് ഇഷിത.
നിരവധി റിയാലിറ്റി ഷോകളിലും ഇഷിത പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇഷിതയുടെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ബോളിവുഡില്‍ സജീവമായശേഷം മുംബൈയില്‍ സെറ്റില്‍ഡാണ് നടി. അക്ഷയ് കുമാര്‍ നായകനായ ഖേല്‍ ഖേല്‍ ഖേല്‍ മെയ്ന്‍ എന്ന സിനിമയാണ് ഇഷിതയുടേതായി ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിനിമ.
ഇഷിതയുടെ പുതിയ ചിത്രങ്ങള്‍ കാണുമ്പോള്‍ ഗീതയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് ആരാധകരുടെ കുറിക്കാറുള്ളത്. രാക്കിളിപ്പാട്ടിനുശേഷം തെന്നിന്ത്യന്‍ സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഹൈലി റിച്ചായ ഗീത ദാമോദരന്‍ എന്ന കോളേജ് കുമാരിയെ രാക്കിളിപ്പാട്ട് കണ്ടവരാരും മറക്കാനിടയില്ല.