ചെന്നൈ: വനിതാ എസ്.പി.ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ ഐ.ജി.ക്ക് അറസ്റ്റ് വാറന്റ്. പ്രത്യേക ദൗത്യസേന ഐ.ജി.യായി ഈ വര്‍ഷം ജൂണില്‍ വിരമിച്ച എസ്. മുരുകനെതിരേയാണ് ചെന്നൈയിലുള്ള മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
കേസില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തമിഴ്നാട് വിജിലന്‍സില്‍ ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ 2017-18 കാലത്താണ് കീഴുദ്യോഗസ്ഥയ്ക്കുനേരേ ലൈംഗികാതിക്രമം കാട്ടിയത്.
എസ്.പി.യുടെ പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ മുരുകന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, പോലീസ് കേസെടുത്തു. ഇതിനിടെ മുരുകന് ജോലിയില്‍നിന്ന് വിരമിച്ചു. സി.ബി.സി.ഐ.ഡി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും തയ്യാറാകാഞ്ഞതിനാലാണ് ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചത്.