KeralaNEWS

തൃശൂര്‍ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; വനിതാ കണ്ടക്ടറുടെ പാദങ്ങളറ്റു

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കൊല്ലം തേവലക്കര തെക്ക് ഒറ്റമാംവിളയില്‍ ശുഭകുമാരിയമ്മ (45)യുടെ ഇരുകാലുകളും കണങ്കാലിന് മുകളില്‍ നിന്ന് അറ്റുപോയി. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇന്നലെ രാവിലെയയിരുന്നു സംഭവം.

കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറായ ശുഭകുമാരി കൂട്ടുകാരിക്കൊപ്പം ഗുരുവായൂരിലേക്ക് പോകാനാണ് തൃശൂരില്‍ എത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാന്‍ മേല്‍പ്പാലമുണ്ടായിരുന്നെങ്കിലും ട്രാക്കുകള്‍ ഒഴിഞ്ഞികിടക്കുന്നതുകണ്ട് കുറുകെ കടക്കാന്‍ തീരുമാനിച്ചെന്നാണ് സൂചന.

Signature-ad

ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്‍ഡോര്‍ – കൊച്ചുവേളി എക്സ്പ്രസ് വേഗത്തില്‍ പ്ലാറ്റ്ഫോമിലെത്തിയത്. പരിഭ്രാന്തയായ ശുഭകുമാരിയമ്മക്ക് മുന്നോട്ടോ പിന്നോട്ടോ മാറാനോ, പ്ലാറ്റ് ഫോമിലേക്ക് കയറാനോ കഴിയാതെ ട്രാക്കിനും ഭിത്തിക്കുമിടയിലെ നേരിയ വിടവില്‍ നിന്നു. ട്രെയിനിന്റെ ആദ്യ കോച്ചിന്റെ ഫുട്ബോര്‍ഡില്‍ തട്ടി കണങ്കാലിന് മുകളില്‍ വച്ച് മുറിയുകയായിരുന്നു. ഉടന്‍ ട്രെയിനിനും ഭിത്തിക്കുമിടയിലെ വിടവിലേക്ക് വീണുപോയതുകൊണ്ടും ദേഹത്തിനും മറ്റും പരിക്കുകളില്ല. ബഹളത്തിനിടയില്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തി റെയില്‍വേ ഉദ്യോഗസ്ഥരും ആര്‍പിഎഫും ചുമുട്ടുതൊഴിലാളികളും ചേര്‍ന്നാണ് ഇവരെ ആംബുലന്‍സില്‍ കയറ്റിയത്.

മുറിഞ്ഞുപോയ കാല്‍പാദത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഒപ്പം കൊണ്ടുപോയി. ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സഹയാത്രിക ഇരുപാളങ്ങള്‍ക്കുമിടയിലെ സുരക്ഷിത ഭാഗത്തുനിന്നതുകൊണ്ട് രക്ഷപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: